ആലുവ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. സ്റ്റേഷനുകളിലെ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. വെള്ളം കയറുന്നുവെന്ന അവസ്ഥയുണ്ടായാൽ നേരിടുന്നതിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കി. മുൻ വർഷത്തെ സാഹചര്യങ്ങൾ പരിശോധിച്ച് വെള്ളം കയറാവുന്ന പ്രദേശങ്ങളുടെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട കേന്ദ്രങ്ങളുടെയും പട്ടിക തയാറാക്കി. എമർജൻസി ലൈറ്റ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്‌ക്കാ ലൈറ്റ്, വടം എന്നിവ ഒരുക്കിയിട്ടുണ്ട്.

മഴയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി കാർത്തിക്ക് പറഞ്ഞു.

മഴക്കാല കള്ളന്മാരെ പിടിക്കാൻ പ്രത്യേക സംഘം

റൂറൽ ജില്ലയിൽ മഴക്കാല കള്ളന്മാരെ പിടികൂടുന്നതിന് പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിച്ചു. റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, ഓട്ടോ യൂണിയനുകൾ, മർച്ചന്റ്സ് അസോസിയേഷൻ എന്നിവരുടെ പങ്കാളിത്തത്തോടെയും പട്രോളിംഗ് സംഘങ്ങൾ ഉണ്ടാകും. മോഷണക്കേസുകളിൽ പിടിയിലായവരുടെ പട്ടിക സ്റ്റേഷനുകളിൽ പരിശോധിച്ച് അവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.