ആലുവ: അമേരിക്കൻ അസോസിയേഷൻ ഫോർ ദി സ്റ്റെഡി ഒഫ് ലിവർ ഡിസീസസിന്റെ ഫൗണ്ടേഷൻ ഫെല്ലോ പുരസ്‌കാരം ഡോ. സിറിയക് അബി ഫിലിപ്‌സിന് ലഭിച്ചു. കരൾരോഗ ചികിത്സാവിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയാണ് പുരസ്കാരം നൽകുന്നത്.
ഈ അവാർഡ് ലഭിക്കുന്ന ആദ്യ കേരളീയനും ഇന്ത്യക്കാരനുമാണ് ഡോ. സിറിയക് അബി ഫിലിപ്‌സ്. ഇദ്ദേഹത്തിന്റെ ക്ലിനിക്കൽ ഗവേഷണ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അംഗീകാരം. കാലിഫോർണിയയിലെ സാൻഡിയാഗോയിൽ ഇന്ന് സമാപിക്കുന്ന ഡൈജസ്റ്റീവ് ഡിസീസ് വീക്കിൽ ഡോ. സിറിയക് അബി ഫിലിപ്‌സ് തന്റെ പഠനം അവതരിപ്പിക്കും. മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗമുള്ളവരിൽ ഉയർന്ന ഡോസ് പ്രോബയോട്ടിക് (വാണിജ്യപരമായി ലഭ്യമായ നല്ല ബാക്ടീരിയ) തെറാപ്പിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകൾക്കാണ് അവാർഡ്.
ഡോ. സിറിയക് എബി ഫിലിപ്‌സ് ആലുവ രാജഗിരി ആശുപത്രിയിലെ സെന്റർ ഓഫ് എക്‌സലൻസിന്റെ കീഴിലുള്ള ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ സയന്റിസ്റ്റും സീനിയർ കൺസൾട്ടന്റുമാണ്.