rashed
റഷീദ്

തൃക്കാക്കര: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാനക്കാരായ അഞ്ചുപേരെ തൃക്കാക്കര പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ പരശ്പൂർ റഷീദ് (24), റിപ്പോൺ (26), മിഥുൻ ഷേഖ് (36), ഇമ്രാൻ (22), ന്യൂഡൽഹി സ്വദേശി മുഹമ്മദ് സലീം (48) എന്നിവരെയാണ് തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തൃക്കാക്കര അമ്പലത്തിന് സമീപംള അടഞ്ഞുകിടന്നിരുന്ന വീട് കുത്തിത്തുറന്നായിരുന്നു മോഷണം.

വീട്ടുടമയായ അനിത മോഹൻദാസ് കഴിഞ്ഞ 13മുതൽ ജോലിസംബന്ധമായി ബംഗളൂരുവിലായിരുന്നു. 20ന് രാത്രിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 21ന് തൃക്കാക്കര പൊലീസിൽ പരാതികൊടുത്തു. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ, പൂജാ ഉപകരണങ്ങൾ, ലാപ്ടോപ്പ്, മൊബൈൽഫോൺ, ലോക്കറിൽ സൂക്ഷിച്ചിരുന്ന 6000 രൂപയടക്കം 6,56,000 രൂപയുടെ സാധങ്ങൾ സംഘം മോഷ്ടിച്ചു.

തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ ബിനു, അനീഷ്, എ.എസ്.ഐമാരായ ഗിരീഷ്, ശിവകുമാർ, സീനിയർ സി.പി.ഒമാരായ ജാബിർ, രഞ്ജിത്, സി.പി.ഒമാരായ ജോണി, അനീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച അർദ്ധരാത്രിയോടെ കളമശേരി, എച്ച്.എം.ടി, ആരേകുന്നം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തു.