തോപ്പുംപടി: സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയുടെ പ്രതിഷേധസമരത്തിൽ ഹാർബറുകൾ സ്തംഭിച്ചു. കൊച്ചിയിൽ ഗിൽനെറ്റ് ബോട്ടുകൾ തടഞ്ഞു. സമരത്തെ തുടർന്ന് നീണ്ടകര, കൊച്ചി, ബേപ്പൂർ ഹാർബറുകളടക്കം ചെറുതും വലുതുമായ 30ലേറെ ഹാർബറുകളാണ് അടഞ്ഞുകിടന്നത്. മത്സ്യബന്ധന ബോട്ടുകൾക്കൊപ്പം, ഇൻബോർഡ് വള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും സമരത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാർ മത്സ്യബന്ധന മേഖലയോട് കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് ഹാർബർ വ്യവസായ സംരക്ഷണസമിതി ഇന്നലെ സംസ്ഥാനതല പ്രതിഷേധസമരം നടത്തിയത്. സംസ്ഥാനത്തെ 4000ത്തോളം ബോട്ടുകളും 8000ത്തിലേറെ വള്ളങ്ങളുമാണ് സമരത്തിൽ അണിചേർന്നത്. കാലപഴക്കത്തിന്റെ പേരിൽ നല്ല ബോട്ടുകൾക്ക് പെർമിറ്റ് പുതുക്കുന്നത് നിഷേധിക്കുക, പെർമിറ്റ് ഫീസ് പിൻവലിക്കുക, മീൻ പിടിച്ചെടുക്കൽ നിർത്തലാക്കുക, ഇന്ധന സബ്സിഡി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധസമരം നടത്തിയത്. നീണ്ടകര, കൊച്ചി ഹാർബറുകളിൽ മത്സ്യബന്ധനം പൂർണ്ണമായും സ്തംഭിച്ചു. മുനമ്പം, വെപ്പിൻ കാളമുക്ക്, ചെല്ലാനം ഹാർബറുകളും പ്രതിഷേധത്തിൽ സ്തംഭിച്ചു.