മൂവാറ്റുപുഴ: ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പായിപ്ര പഞ്ചായത്തിലെ പോയാലി മല അളന്ന് തിട്ടപ്പെടുത്തി ജണ്ട സ്ഥാപിക്കുന്നതിനായി സർവേ സംഘം പ്രാരംഭ സ്ഥലപരിശോധന നടത്തി. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലെ 18 ഏക്കറോളം വരുന്ന പോയാലി മല അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കേണ്ടത് ടൂറിസം കേന്ദ്രമാക്കുന്നതിന് അനിവാര്യമാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാൽ മാത്രമേ ടൂറിസം പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ സാന്നിധ്യത്തിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സർവേയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ട് മുൻപ് ഉയർന്നതാണ്. അതിനുശേഷം അത്ര പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളെയും വിനോദസഞ്ചാര കേന്ദ്രമാക്കിയിട്ടും പോയാലി മലയെ ടൂറിസം വകുപ്പ് അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഒരിക്കലും വറ്റാത്ത കിണറാണ് പോയാലി മലയിലെ പ്രധാന ആകർഷണം. പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി പേർ സന്ദർശിക്കുന്നുണ്ടെങ്കിലും മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങൾ ഇല്ല. സമുദ്രനിരപ്പിൽ നിന്നും 500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളാലും മൊട്ടക്കുന്നുകളാലും അനുഗ്രഹീതമാണ്. ഐതീഹ്യങ്ങൾ ഏറെയുള്ള മല മുകളിലെ കിണറും കാൽപ്പാദങ്ങളും പുറമെ നിന്ന് എത്തുന്നവർ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. നേരത്തെ മലയിലേക്കെത്താൻ നിരവധി വഴികളുണ്ടായിരുന്നങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയ്യേറിക്കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവൻ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തി. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടവും കരിങ്കൽ ഖനനം മൂലം അപ്രത്യക്ഷമായി. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയിൽ അനായാസം എത്താൻ സാധിക്കുംവിധം റോഡ് ഉണ്ടാക്കുക, റോപ്പ് വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ചാ സൗകര്യങ്ങൾ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുക, മലമുകളിലെ അത്ഭുത കിണറും കാൽപ്പാദവും വെളളച്ചാട്ടവും അടക്കമുള്ളവ സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമ്മിക്കുക തുടങ്ങിയവ നടപ്പിലാക്കിയാൽ ജില്ലയുടെ കിഴക്കൽ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലി മല മാറുമെന്നതിൽ സംശയമില്ല.