മൂവാറ്റുപുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽ മോക്ഡ്രിൽ നടത്തി. താലൂക്കുതല ദ്രുതകർമ്മ സേനയുടെ (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) നേതൃത്വത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ തഹസിൽദാർ കെ.എസ് സതീശൻ മോക്ഡ്രില്ലിന് നേതൃത്വം നൽകി. മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചന്തക്കടവ് ഭാഗത്താണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്നതും അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതുമായിരുന്നു അവതരിപ്പിച്ചത്. റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളും വിവിധ സന്നദ്ധ സേനാംഗങ്ങളും പങ്കാളികളായി. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ചികിത്സ ഉറപ്പാക്കൽ, കൺട്രോൾ റൂം സജ്ജമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും വിലയിരുത്തി.