കളമശേരി: ഭക്ഷ്യവിഷബാധയെത്തുടർന്ന് കുസാറ്റിലെ 130 ഓളം വിദ്യാർത്ഥികൾക്ക് പനിയും ഛർദ്ദിയും ബാധിച്ചതിനാൽ കാമ്പസും ഹോസ്റ്റലും 31വരെ അടച്ചു. ജൂണിലെ വെക്കേഷനും കഴിഞ്ഞ് ഇനി ജൂലായിലായിരിക്കും കാമ്പസ് തുറക്കുന്നത്. ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. അവസാനവർഷ പരീക്ഷകളൊഴികെയുള്ളതെല്ലാം മാറ്റിവച്ചു .ജില്ലാ മെഡിക്കൽ ഓഫീസർ വി. ജയശ്രീയുടെ നേതൃത്വത്തിൽ ഇന്നലെ ഫുഡ്കോർട്ടിലും ഹോസ്റ്റലിലും നടത്തിയ പരിശോധനകളെത്തുടർന്നാണ് ഹോസ്റ്റൽ അടയ്ക്കാൻ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഴിഞ്ഞ ആഴ്ച കാമ്പസിൽ നടന്ന കലോത്സവത്തോടനുബന്ധിച്ച് ഫുഡ്സ്റ്റാളുകൾ തുറന്നിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് അധികൃതർ പറയുന്നു. അതേസമയം ഹോസ്റ്റലിലെയും കാന്റീനിലെയും ഭക്ഷ്യസാമ്പിളുകൾ ഫുഡ് സേഫ്റ്റി വിഭാഗം ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
ശനി, ഞായർ ദിവസങ്ങളിലായി ഇരുപതിലേറെ വിദ്യാർത്ഥികൾ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 9 പേർ കൊവിഡ് പോസിറ്റീവാണ്. കാമ്പസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും വീടുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കും രോഗലക്ഷണങ്ങളുണ്ട്. ആരോഗ്യവിഭാഗം, കളമശേരി പ്രാഥമികാരോഗ്യകേന്ദ്രം, അമൃത ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ കാമ്പസിൽ മെഡിക്കൽക്യാമ്പ് നടത്തി. എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു.