മൂവാറ്റുപുഴ: തെരുവുനായ്ക്കളിൽനിന്ന് രക്ഷപെടാൻ ഭയന്നോടിയ കുട്ടികൾ നിലത്തുവീണ് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ നഗരത്തിലെ മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. മദ്രസവിട്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരെ അഞ്ചോളം വരുന്ന നായ്ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് നായ്ക്കൂട്ടത്തെ തുരത്തിയത്. ഇ.ഇ.സി മാർക്കറ്റ് റോഡ്, വെള്ളൂർക്കുന്നം, ആരക്കുഴ റോഡ്, ആശ്രമം ബസ്‌സ്റ്റാൻഡ്, വൺവേ ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലും തെരുവുനായകളുടെ ഉപദ്രവം രൂക്ഷമാണ്.