തൃക്കാക്കര: ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്ന് പറയുന്ന അവസ്ഥയിലാണ് തൃക്കാക്കര നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗം. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനെത്തിയ വിജിലൻസ് സംഘം നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗത്തിലെത്തിയപ്പോൾ ഞെട്ടി. ഫയലിലെ ചില സംശയങ്ങൾ പരിശോധിക്കാൻ ഇവിടെയെത്തിയ വിജിലൻസ് സംഘം കണ്ടത് കാലിയായ സീറ്റുകൾ മാത്രം. 12 മണിയായിട്ടും എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർ സീറ്റിലുണ്ടായിരുന്നില്ല. സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭയായ തൃക്കാക്കരയിലെ എൻജിനീയറിംഗ് വിഭാഗത്തിനാണ് ഈ ദുർഗതി.
അസി.എസ്‌സിക്യുട്ടീവ് എൻജിനീയർ, എൻജിനീയർ ഉൾപ്പടെ ആറ് സ്ഥിരം ജീവനക്കാരാണുളളത്. താത്കാലിക അടിസ്ഥാനത്തിൽ നാലുപേർ വേറെയും. ഇവർ ആരുംതന്നെ ഇന്നലെ 12 മണിവരെ ഓഫീസിൽ എത്തിയിരുന്നില്ല. സംശയം തോന്നിയ വിജിലൻസ് ഉദ്യോഗസ്ഥർ ഹാജർബുക്കും മൂവ്മെന്റ് രജിസ്റ്ററും പരിശോധിച്ചപ്പോൾ അസി.എസ്‌സിക്യുട്ടീവ് എൻജിനീയർ, എൻജിനീയർ എന്നിവരാണ് ലീവിലായിരുന്നത്. മറ്റുള്ളവർ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
പരിശോധനാവിവരം അറിഞ്ഞതോടെ ഒരുമണിയായപ്പോഴേക്കും ഉദ്യോഗസ്ഥർ നഗരസഭയിലെത്തി. വിജിലൻസ് സംഘം ഹാജർ ബുക്കിന്റെയും മൂവ്മെന്റ് രജിസ്റ്ററിന്റെയും കോപ്പികൾ വാങ്ങിയശേഷമാണ് ഓഫീസ് വിട്ടത്.