
വാളയാർ: വാളയാറിൽ എക്‌സൈസ് സംഘത്തിന്റെ പരിശോനയെ വെട്ടിച്ചുകടന്ന കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നർ സാബു എന്നറിയപ്പെടുന്ന എറണാകുളം കണയന്നൂർ സ്വദേശി സാബു ജോർജിനെ (39) ആറ്കിലോ കഞ്ചാവും 40,000 രൂപയുമായി എക്‌സൈസ് സംഘം പിടികൂടി. കൂടെയുണ്ടായിരുന്ന എറണാകുളം സ്വദേശി റോജസ് രക്ഷപെട്ടു. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എം.രാകേഷ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, മണ്ണാർക്കാട് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പകൽ വാളയാർ ടോൾ പ്ലാസയിൽ വാഹനങ്ങളെ പരിശോധിക്കുന്നതിനിടെ കഞ്ചാവുമായി വന്ന കാർ അപകടകരമായ രീതിയിൽ വെട്ടിച്ച് നിർത്താതെ പോവുകയായിരുന്നു. എട്ട് കിലോമീറ്ററോളം അപകടകരമായി സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളെ ഇടിച്ചശേഷം കഞ്ചിക്കോട് വ്യവസായ മേഖലയിലെ കോരയാർ പുഴയുടെ തീരത്ത് ചെളിയിൽ കുടുങ്ങി. സിനിമാസ്രൈയിലിൽ പിന്തുടർന്ന് എത്തിയ എക്‌സൈസ് സംഘം സാബുവിനെ പിടികൂടിയെങ്കിലും കൂടെയുണ്ടായിരുന്ന റോജസ് പുഴയിലിറങ്ങി രക്ഷപ്പെട്ടു. കാറിൽനിന്ന് ആഡ്രയിലെ പഡേരുവിൽനിന്ന് കടത്തിയ മുന്തിയ ഇനം കഞ്ചാവും 40,000രൂപയും കണ്ടെത്തി. പിടിയിലായ കണ്ടെയ്നർ സാബു എറണാകുളം ജില്ലയിലെ നിരവധി ക്രിമിനൽകേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽ പെട്ടയാളുമാണ്.