കൊച്ചി: നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ നഗരം കണ്ട് ആളുകൾ ഞെട്ടി. റോഡുകളിലും കടകളിലും മുട്ടോളം വെള്ളം. കടയിലെ സാധനങ്ങൾ ഒഴുകി നടക്കുന്നു. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ രാവിലെ വരെ തുടർന്നതും ഓടകളിലൂടെ വെള്ളം ഒഴികിപ്പോകാനാവാതെ നേരെ റോഡിലേക്ക് കയറിയതുമാണ് പെട്ടെന്നുള്ള വെള്ളക്കെട്ടിന് കാരണം. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടകൾ വൃത്തിയാക്കിയത്. കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും ദുരിതത്തിലായി.

വെള്ളക്കെട്ടുകൾ ഇവിടെ

നൂറുകണക്കിനാളുകൾ എത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റോഡിലും മുട്ടോളം വെള്ളം കയറി. ഓടയിൽ നിന്നുള്ള മാലിന്യം നിറഞ്ഞ കറുത്ത വെള്ളത്തിലൂടെയാണ് ബസ് കയറാനുള്ളവരും ഇരുചക്ര വാഹന യാത്രികരും കടന്നുപോയത്. സ്റ്റേഷൻ കവാടം, ക്വാർട്ടേഴ്സ്, ട്രാക്ക് എന്നിവിടങ്ങളിൽ മുട്ടോളം പൊക്കത്തിലാണ് വെള്ളം നിറഞ്ഞത്. ഓടയിൽ നിന്ന് മാലിന്യം നിറഞ്ഞ വെള്ളമാണ് കയറിയത്. യാത്രക്കാരും ഉദ്യോഗസ്ഥരുമടക്കം വെള്ളക്കെട്ടിൽ ദുരിതത്തിലായി. ടി.ഡി റോഡും അമ്പലത്തിന് സമീപവും രാവിലെ മുതൽ വെള്ളക്കെട്ടായിരുന്നു. രാവിലെ ക്ഷേത്രദർശനത്തിന് എത്തിയ ഭക്തർ വെള്ളക്കെട്ടിൽ കുടുങ്ങി. എം.ജി റോഡിലെ എല്ലാ കടകളിലും ഓടയിൽ നിന്നുള്ള വെള്ളം ഇരച്ചുകയറി. കെട്ടിടങ്ങളുടെ അടിയിലെ പാർക്കിംഗ് സ്ഥലങ്ങളിൽ രണ്ടാൾ പൊക്കത്തിലായിരുന്നു വെള്ളം. പനമ്പള്ളി നഗറിൽ റോഡിലെ ഭൂരിഭാഗം റോഡുകളിലും വെള്ളം കയറി. വെള്ളം ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തതാണ് ഇവിടുത്തെയും പ്രശ്നം. ബ്രോഡ് വേ പ്രവേശന കവാടം മുതൽ വെള്ളം കയറി. കച്ചവടക്കാർക്ക് വലിയ നാശനഷ്ടമുണ്ടായി. കടയിലെ സാധനങ്ങൾ വെള്ളത്തിൽ മുങ്ങി. സ്മാർട്ട്സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇവിടെ വെള്ളം കയറിയതെന്ന് കച്ചവടക്കാർ പറയുന്നു. പ്രസ്ക്ലബ് റോഡിലും പതിവിന് വിപരീതമായി വെള്ളം കയറി. ഒഴുക്ക് നിലച്ച് ഓടയിലെ വെള്ളം ഉയർന്ന് പൊങ്ങുകയായിരുന്നു. ചിറ്റൂർ റോഡിൽ രാവിലെ കയറിയ വെള്ളം ഉച്ചയോടെയാണ് ഇറങ്ങിയത്. വഴിയാത്രക്കാർക്ക് നടക്കാനാവാതെ മലിനജലം റോഡിൽ നിറഞ്ഞു. രവിപുരം അറ്റ്ലാന്റിസ് ജംഗ്ഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു മണിക്കൂറോളം വാഹനങ്ങൾ കുടുങ്ങി. തേവര വരെ വെള്ളക്കെട്ട് അതിരൂക്ഷമായിരുന്നു.

# കായലായി ഗ്രൗണ്ട്

മഴവെള്ളം ഒഴുകിപോകാതായതോടെ മഹാരാജാസ് ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂക്ഷമായി. മുല്ലശേരി കനാലിൽ നിർമ്മാണത്തിന്റെ ഭാഗമായി ഗ്രൗണ്ടിലെ വെള്ളം ഇറങ്ങി പോകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തതാണ് വെള്ളക്കെട്ടിന് കാരണം.

 നഷ്ടപരിഹാരം നൽകണം

വെള്ളക്കെട്ടിൽ നാശനഷ്ടം സംഭവിച്ച കച്ചവടക്കാർക്ക് സ‌ർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ ആവശ്യപ്പെട്ടു.