കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും കനാലുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയണമെന്നും ഓപ്പറേഷൻ ബ്രേക്ക് ത്രൂ അധികൃതർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിൽ കൊച്ചി നഗരസഭയോടു ഹൈക്കോടതി വിശദീകരണം തേടി.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. ഹർജികൾ മേയ് 27 നു വീണ്ടും പരിഗണിക്കും. നേരത്തെ ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഓപ്പറേഷൻ ബ്രേക്ക് ത്രൂ (ഒ.ബി.ടി )പദ്ധതിയുടെ ചുമതലയുള്ള എറണാകുളം സെൻട്രൽ സർക്കിൾ മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു.
ബാനർജി റോഡിൽ കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നടത്തുന്ന വർക്കുകൾക്ക് കൃത്യമായി മേൽനോട്ടമുണ്ടായില്ലെങ്കിൽ ഭാവിയിൽ ദോഷകരമാവുമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും റിപ്പോർട്ട് നൽകി.
æ ഒ.ബി.ടിയുടെ നിർദ്ദേശങ്ങൾ
കനാലുകളും കാനകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണം
അടിയന്തരമായി തേവര പേരണ്ടൂർ കനാലിന്റെ ആഴം ഒരു മീറ്റർ കൂട്ടണം.
പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് പൈപ്പുകളിലെ ബ്ളോക്കുകൾ നീക്കണം
കാനകളിലും കനാലുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയണം
മാലിന്യം വലിച്ചെറിയുന്നവർക്ക് ഉചിതമായ ശിക്ഷ നൽകണം
പേരണ്ടൂർ റെയിൽവെ ബ്രിഡ്ജ് ഭാഗത്തെ കനാലിലെ ചെളി നീക്കം രണ്ടുദിവസത്തിനകം തുടങ്ങണം
കായലിലേക്ക് വെള്ളമൊഴുകുന്ന തരത്തിൽ നഗരസഭാ പരിധിയിലെ പ്രദേശങ്ങൾ വൃത്തിയാക്കണം
ഇതിനു തടസമായ മേഖലകൾ കണ്ടെത്തി അധികൃതരെ അറിയിച്ചിട്ടുണ്ട്.
æ ഹൈക്കോടതി നിർദ്ദേശങ്ങൾ
ഒ.ബി.ടിയുടെ റിപ്പോർട്ടിനെക്കുറിച്ച് നഗരസഭ നിർദ്ദേശങ്ങളും നടപടി റിപ്പോർട്ടും സമർപ്പിക്കണം.
കാനകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തുടർച്ചയായി നടപടിയെടുക്കണം
മാലിന്യങ്ങൾ വലിച്ചെറിയുന്നില്ലെന്നു നഗരസഭ ഉറപ്പാക്കണം
മുല്ലശേരി കനാൽ നവീകരണം എന്നു പൂർത്തിയാക്കാനാവുമെന്ന് ഒ.ബി.ടി അധികൃതർ അറിയിക്കണം.
പ്രായോഗികമായ സമയം അറിയിക്കണം. പിന്നീടു നീട്ടിക്കൊണ്ടുപോകാനിടവരരുത്.
മുല്ലശേരി കനാലിലെ കുടിവെള്ള പൈപ്പ്ലൈനുകൾ മാറ്റാനുള്ള നടപടികൾ വ്യക്തമാക്കി
വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ സത്യവാങ്മൂലം നൽകണം.
എം.ജി റോഡിൽ നിന്ന് പടിഞ്ഞാറേക്ക് വാട്ടർ അതോറിറ്റിയുടെ ഭൂമിയിലൂടെ ഒരു ലിങ്ക് കനാൽ
നിർമ്മിക്കുന്നതു സംബന്ധിച്ച വിവരങ്ങളും വാട്ടർ അതോറിറ്റി അറിയിക്കണം.
പി ആൻഡ് ടി കോളനിയിലുള്ളവരെ പുന:രധിവസിപ്പിക്കാനുള്ള പാർപ്പിട പദ്ധതിയുടെ
നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കി ജി.സി.ഡി.എ സത്യവാങ്മൂലം നൽകണം.