കൊച്ചി: വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ അടഞ്ഞുപോയതാണ് നഗരമദ്ധ്യത്തിൽ കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ടിന് കാരണമെന്ന് റിപ്പോർട്ട്. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം ജലസേചനവകുപ്പ് സെൻട്രൽ സർക്കിൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഹൈക്കോടതിക്കും കളക്ടർക്കും സമർപ്പിച്ചതായി സൂപ്രണ്ടിംഗ് എൻജിനിയർ ബാജിചന്ദ്രൻ പറഞ്ഞു.
മഴവെള്ളം ഒഴുക്കിക്കളയാനുണ്ടായിരുന്ന സംവിധാനങ്ങൾ വിവിധ നിർമ്മാണങ്ങളുടെ ഭാഗമായി ഇല്ലാതാകുകയോ തടസപ്പെടുകയോ ചെയ്തു. നഗരത്തിന്റെ ഒത്ത നടുവിലാണെങ്കിലും ഒറ്റപ്പെട്ടുക്കിടക്കുന്ന പ്രദേശമാണ് കമ്മട്ടിപ്പാടം. പടിഞ്ഞാറ് എറണാകുളം–തൃശൂർ റെയിൽപ്പാതയും വടക്ക് എറണാകുളം–കോട്ടയം റെയിൽപ്പാതയും കിഴക്ക് തേവര–പേരണ്ടൂർ കനാലും തെക്ക് മുല്ലശേരി കനാൽ ചേരുന്ന ഭാഗവുമാണ്.
റെയിൽപ്പാതകൾ മുറിച്ചുപോകുന്ന വടക്കുഭാഗത്ത് കനാലിന്റെ വീതികുറവും അസ്വാഭാവിക വളവുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇവിടെ 1. 2 മീറ്റർമാത്രമാണ് കനാൽവീതി. വീതികുറഞ്ഞ റെയിൽവേ കൽവർട്ടിലൂടെയാണ് കനാൽഭാഗങ്ങളെ ബന്ധിപ്പിച്ചിട്ടുള്ളത്. ഇവിടെ 81 മീറ്റർ നീളമുള്ള അസ്വാഭാവിക വളവിലൂടെ വേണം വെള്ളമൊഴുകാൻ. റെയിൽപ്പാതയ്ക്ക് ഇരുപുറത്തും കനാലിനെ പുഷ്ത്രൂ മാതൃകയിൽ നേർരേഖയിൽ ബന്ധിപ്പിക്കലാണ് പരിഹാരം. അപ്പോൾ കനാൽനീളം പകുതിയായി കുറയും.

 വെള്ളം ഒഴുകാൻ

മാർഗമില്ല
കിഴക്ക് പേരണ്ടൂർ കനാലിലേക്ക് മഴവെള്ളം ഒഴുക്കിവിടാനുള്ള മാർഗമില്ല. മുല്ലശേരി കനാൽ ജംഗ്ഷനിൽനിന്ന് റെയിൽപ്പാതയ്ക്ക് സമാന്തരമായി കോർപ്പറേഷൻ നിർമ്മിച്ച കാനയുണ്ട്. വടക്ക് റെയിൽ കൽവർട്ടിന് 150 മീറ്റർ അകലെ തീരുന്ന കാന പേരണ്ടൂർ കനാൽവരെ നീട്ടണം. ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ മൂന്ന് കുഴലുകളും കനാലിനടിയിലൂടെ പോകുന്നു. ഇതു നീക്കിയാൽ കെ.എസ്.ആർ.ടി.സി, സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തെ വെള്ളപ്പൊക്കം പരിഹരിക്കാം.
പേരണ്ടൂർ–മുല്ലശേരി കനാൽ ജംഗ്ഷൻ ചെളിയടിഞ്ഞു തടസപ്പെട്ട നിലയിലാണ്. കനാലിലെ നീരൊഴുക്ക് തടസപ്പെടുത്തുന്നതിൽ ബി.പി.സി.എല്ലിന്റെ എണ്ണക്കുഴലിനും പങ്കുണ്ട്. മുല്ലശേരി കനാൽ തട്ടിലെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതും നീരൊഴുക്ക് സുഗമമാക്കും.
പ്രദേശത്തെ നാല് കൽവർട്ടുകൾ പൊളിച്ച് വീതിയും ആഴവും കൂട്ടി പുനർനിർമിക്കുക, വെള്ളം തിരിച്ചൊഴുകുന്നത് തടയാൻ മുല്ലശേരി കനാൽ ജംഗ്ഷനിൽ ഷട്ടറുള്ള സ്ലൂയിസ് സ്ഥാപിക്കുക, കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.