കുറുപ്പംപടി: ആലുവ- മൂന്നാർ റോഡിൽ ഓടക്കാലിക്ക് സമീപം പാച്ചുപിള്ളപ്പടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അശമന്നൂർ ഗ്രാമപഞ്ചായത്ത് നൂലേലി ഏഴാം വാർഡിൽ ആണ് ബസ്റ് സ്റ്റോപ്പ് സ്ഥിതിചെയ്യുന്നത്. നീലാണ്ടപ്പടി,നൂലേലി പള്ളിപ്പടി,നൂലേലി അമ്പലപ്പടി ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മഴ നനയാതെ നിൽക്കാൻ സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് രണ്ട് രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കാട് കയറിയും മേൽക്കൂര തകർന്നും നാമാവശേഷമായിരിക്കുകയാണ്.പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം കോൺക്രീറ്റ് മേൽക്കൂരയോടെ മനോഹരമായ രീതിയിൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു കാലത്ത് രണ്ട് വിഭാഗം ആളുകൾ മത്സരിച്ച് ഒരേസ്ഥലത്ത് നിർമ്മിച്ച വെയ്റ്റിംഗ് ഷെഡുകൾ കാടുകയറിയും ഇടിഞ്ഞു വീണും കാൽ നടക്കാർക്കു പോലും തടസ്സമായി മാറിയ സാഹചര്യത്തിൽ അവ രണ്ടും നീക്കം ചെയ്ത് പുതിയത് നിർമ്മിക്കാൻ അധികൃതർ തയ്യാറാവണം.
എം.എൻ. രമണൻ, ജനറൽ സെക്രട്ടറി,മർച്ചന്റ്സ്
അസോസിയേഷൻ, ഓടക്കാലി
തിരക്കേറിയ ആലുവ- മൂന്നാർ പാതയിൽ വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങിനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥ. ഈ പഞ്ചായത്ത് അതിർത്തിയിൽ മാത്രമേ ഈ ദുരവസ്ഥയുള്ളൂ. ഇതിന് പരിഹാരം കാണണം. വഴിയോര കാത്തിരിപ്പ് കേന്ദ്രം വളരെ അനിവാര്യമായ ഒരു സ്ഥലവുമാണിത്.
ബിനോയ് ചെമ്പകശ്ശേരി, പ്രസിഡന്റ്, കോൺഗ്രസ് അശമന്നൂർ മണ്ഡലം.
അശമന്നൂർ പഞ്ചായത്തിലെ പ്രധാന പാതയാണ് ആലുവ- മൂന്നാർ റോഡ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് എ.എം റോഡിൽ ചെറുകുന്നത്തും ഓടക്കാലിയിലും അതിമനോഹരമായ രീതിയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരുന്നു. അതേ മാതൃകയിൽ നിരവധി ജനങ്ങൾ വന്നുപോകുന്ന പാച്ചുപിള്ളപ്പടിയിലും സമാന രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം.
എം.എം. ഷൗക്കത്തലി,
ജനറൽ സെക്രട്ടറി, കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റി