ആലുവ: ചൂണ്ടി ഭാരത മാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ബദൽ തർക്കപരിഹാര സെല്ലായ 'ബദ്രി' സംഘടിപ്പിച്ച രാജ്യാന്തര ബദൽ തർക്ക പരിഹാര കോൺക്ലേവ് സമാപിച്ചു. പഠനശിബിരം മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോടതികളിൽ കെട്ടിക്കിടക്കുന്ന ധാരാളം കേസുകളിൽ കാലവിളംബം കൂടാതെ തീർപ്പ് ഉറപ്പാക്കണമെങ്കിൽ ബദൽ തർക്ക പരിഹാര സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും നിലവിൽ കുടുംബ തർക്കങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും തർക്കപരിഹാര സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച് വരുന്നുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ബെഹായി ഏഷ്യ അന്തർദ്ദേശീയ ബദൽ തർക്ക പരിഹാര സെൽ അദ്ധ്യക്ഷൻ പ്രൊഫ. സ്റ്റീവ് എൻഗോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ കൊച്ചി മേഖലാ പ്രസിഡന്റ് അഡ്വ. അനിൽ സേവ്യർ, അസി. പ്രൊഫ. ഡോ. അനീഷ് വി. പിള്ള, പ്രൊഫ. സ്റ്റീവ് എൻ. ഗോ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ.വി.എസ്. സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. സെലിൻ അബ്രഹാം, ഡോ. ജേക്കബ് ജോസഫ്, അഡ്വ. ക്രൂഷ് ആന്റണി എന്നിവർ സംസാരിച്ചു.
അന്തർദ്ദേശീയ ബദൽ തർക്ക പരിഹാര പുരസ്‌കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്
പ്രഥമ ഭാരത മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അന്തർദ്ദേശീയ ബദൽ തർക്ക പരിഹാര പുരസ്‌കാരം ജസ്റ്റിസ് കുര്യൻ ജോസഫിന് ഭാരത മാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ സമ്മാനിച്ചു. ബെഹായി ഏഷ്യ അന്താരാഷ്ട്ര ബദൽ തർക്ക പരിഹാരകേന്ദ്രത്തിന്റെ അന്താരാഷ്ട്ര പാനലിസ്റ്റ് ഓണററി അംഗത്വം സെന്റർ അദ്ധ്യക്ഷൻ പ്രൊഫ. സ്റ്റീവ് എൻഗോ ജസ്റ്റിസ് കുര്യൻ ജോസഫിന് കൈമാറി.