sudhakaran
സുധാകരൻ

ആലുവ: എടയാർ വ്യവസായ മേഖലയിലെ പ്രവർത്തനരഹിതമായ ഓയിൽ കമ്പനിയിൽ നിന്ന് 8,190 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒരാൾ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇടുക്കി കൊന്നത്തോടി മറക്കാനം തേനാംപറമ്പിൽ സുധാകര (57) നെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ അടിമാലിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യപ്രതി കലൂർ അശോക റോഡ് നടുവിലമുള്ളത്ത് എൻ.വി. കുര്യൻ (65), ഏജന്റുമാരായ തൃപ്പൂണിത്തുറ പുതിയ കാവിൽ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക്കകത്ത് ബൈജു (50), ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

എടയാർ ജെ.കെ എന്റർപ്രൈസസ് ഓയിൽ കമ്പനിയിൽ നിന്നാണ് കഴിഞ്ഞ മാർച്ച് 30ന് 203 കന്നാസുകളിലായി ഭൂഗർഭ അറയിൽ ഒളിപ്പിച്ചിരുന്ന സ്പിരിറ്റ് എക്‌സൈസ് മദ്ധ്യമേഖല സ്‌ക്വാഡ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ എം.എ. യൂസഫലി, പി.ജെ. ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ബി. ജിതീഷ് എക്‌സൈസ് ഡ്രൈവർ ഷിജു ജോർജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.