കൊച്ചി: വർഗീയത ഇളക്കിവിടാൻ കേന്ദ്രസർക്കാർ ജ്ഞാൻവ്യാപി പള്ളി പോലെ പുതിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത്‌പവാർ പറഞ്ഞു. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കത്തുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ വർഗീയവികാരം ആളിക്കത്തിച്ച് ജനശ്രദ്ധ മാറ്റുകയാണ്. വാരാണസി, താജ്മഹൽ, കുത്തബ്മിനാർ വിഷയങ്ങൾ വിവാദമാക്കി വർഗീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന് അഭിമാനമാണ് ഇവിടത്തെ ചരിത്ര സ്മാരകങ്ങൾ.

കാശ്മീരിൽ മതവിദ്വേഷം വളർത്തി ഇരുവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കാശ്മീർ ഫയൽ എന്ന സിനിമയുടെ പ്രചാരണം ബി.ജെ.പി ഏറ്റെടുത്തത് ഇതിനു തെളിവാണ്.
ബി.ജെ.പിയുടെ വർഗീയ ഫാസിസത്തെ നേരിടാൻ എൻ.സി.പി നേതൃത്വത്തിൽ ദേശീയതലത്തിൽ മതേതര പാർട്ടികളുടെ കൂട്ടായ്മയുണ്ടാക്കും. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ മതേതര, പുരോഗമന കൂട്ടായ്മ ജനങ്ങൾ നെഞ്ചേറ്റിയ ദേശീയ ബദലാണെന്ന് ശരത്പവാർ പറഞ്ഞു.

കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അദ്ധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രഫുൽ പട്ടേൽ, ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, മുഹമ്മദ് ഫൈസൽ എം.പി., തോമസ് കെ. തോമസ് എം.എൽ.എ, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.