കൊച്ചി: തമിഴ്, കന്നട ഭാഷകൾ പഠനവിഷയമാക്കിയ തപാൽ ജീവനക്കാരെ പ്രമോഷൻ പരീക്ഷയ്ക്ക് പരിഗണിക്കാതിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന അദ്ധ്യക്ഷൻ ജി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കാസർകോട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ മലയാളേതര മാതൃഭാഷ പത്താംക്ലാസ് വരെ പഠിച്ച ജീവനക്കാർക്കാണ് പ്രമോഷൻ പരീക്ഷ എഴുതാൻ സാധിക്കാത്തത്. ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.പി.ഇ.എഫ് ചെയർമാൻ കൃഷ്ണകുമാർ, വർക്കിംഗ് കൺവീനർ ഡി. ഹർഷ്, സർക്കിൾ പ്രസിഡന്റ് പി.കെ. ഷാജി ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.