കാലടി: അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ മൂന്നാം ദിനം സ്വദേശ-വിദേശ കലകളുടെ അവതരണം കൊണ്ട് സമ്പന്നമായി. ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിലെ വിദ്യാർത്ഥിനികളുടെ മെഗാ ഗ്രൂപ്പ് ഇനങ്ങളോടെ ആരംഭിച്ച നൃത്തപരിപാടിയിൽ ഗുരുദേവ കൃതിയായ കാളിനാടകം അഖില സലിം വേദിയിൽ അവതരിപ്പിച്ചു.
പ്രശസ്ത മോഹിനിയാട്ടം നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണന്റെ നൃത്തപരിപാടി വേറിട്ട അനുഭവമായി. കൊൽക്കത്തയിൽ നിന്നുള്ള സയാനി ചക്രബർത്തിയുടെ ദ്രുതഗതിയിലുള്ള ചുവടുകൾ ആസ്വാദകരുടെ മനം നിറച്ചു. യൂട്യൂബിൽ ഒരു കോടി ആളുകൾ കണ്ട ശിവതാണ്ഡവം ആസ്വാദകരെ ഏറെ ആകർഷിച്ചു. നിരവധി പ്രതിഭകൾ മാറ്റുരച്ചതായിരുന്നു ഇന്നലെത്തെ കലാവിരുന്നെന്ന് ഡയറക്ടർ പ്രൊഫ. പി.വി. പീതാംബരൻ പറഞ്ഞു. സിയാൽ ഡയറക്ടർ എ.സി.കെ. നായർ, അപ്പോളോ യൂണിറ്റ് ചീഫ് ജോർജ് ഉമ്മൻ എന്നിവർ അതിഥികളായിരുന്നു.