
പനങ്ങാട്: പുനർനിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ പണിനിലച്ച ചേപ്പനം കോതേശ്വരം ടെമ്പിൾ റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ചേപ്പനം -ചാത്തമ്മ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ അഭാവത്തിലാണ് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചത്.
റോഡിൽ നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. കോതേശ്വരം ശിവക്ഷേത്രം, ശ്രീശ്രീ രവിശങ്കർ സ്കൂൾ, റോഡിന്റെ വടക്കേ അറ്റത്തുള്ള എസ്.സി കോളനി ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾ ഒന്നര കിലോമീറ്റർ ദൂരമുള്ള ഈ റോഡിലൂടെ സഞ്ചരിക്കുന്നു.
തുടർന്ന് അസിസ്റ്റന്റ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ ജൂൺ 15നകം നിർമ്മാണം പൂർത്തിയാക്കുന്നതാണെന്ന് ഉറപ്പ് നൽകി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം.ദേവദാസ്, മണ്ഡലം പ്രസിഡന്റ് എൻ.പി.മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ നമ്പ്യാരത്ത്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അജി വേലക്കടവിൽ, ബ്ലോക്ക് സെക്രട്ടറി എം.ഡി.ബോസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷേർലി ജോർജ്, മണ്ഡലം സെക്രട്ടറി സി.എക്സ്. സാജി, പഞ്ചായത്ത് അംഗം ബിൻസി പ്രദീപ്, വിമ സുകുമാരൻ, പി.എഫ്.ജോസഫ്, എം.ഐ.കരുണാകരൻ, കെ.എ.പപ്പൻ മാസ്റ്റർ, പി.എക്സ്.രാജു, സി.ടി.അനീഷ്, ജയൻ ജോസഫ്, ലിജു പൗലോസ്, ടെൻസൺ ജോർജ്, കെ.സി.പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.