തൃക്കാക്കര: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ രണ്ടുപേരെ തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ പിടികൂടി. മലപ്പുറം പാണക്കാട് സ്വദേശി മംഗരത്തോടി വീട്ടിൽ ഹസി (30), മോതിൽക്കുന്നത്ത് വീട്ടിൽ ലബീസ് (33) എന്നിവരാണ് പിടിയിലായത്. കാക്കനാട് യൂസ്ഡ് കാറുകളുടെ കച്ചവടം നടത്തുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ അജിത്തിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹസിയുടെ നേതൃത്വത്തിൽ ആറംഗ സംഘം കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഓഫീസിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ചിറ്റേത്തുകരയിലുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ എത്തിക്കുകയും അവിടെവച്ച് മർദ്ദിക്കുകയും ചെയ്തു. ആലുവയിലെ വർക്‌ഷോപ്പിലുള്ള വ്യാപാരിയുടെ മറ്റൊരു വാഹനവും മൊബൈൽഫോണും വാച്ചും തട്ടിയെടുത്ത് വ്യാപാരിയെ ആലുവയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് രണ്ടുപ്രതികളെ ആലുവയിൽനിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മറ്റ് പ്രതികളെക്കുറിച്ചു അന്വേഷിക്കുകയാണെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. ഒരുമാസം മുമ്പ് ഹസിയുടെ ഇന്നോവ ക്രിസ്റ്റ കാർ വില്പന നടത്താൻ അജിത്തിനെ ഏൽപ്പിക്കുകയായിരുന്നു. 16.5 ലക്ഷം രൂപയ്ക്ക് വില്പന നടത്തിയ കാറിന്റെ ബാക്കി 9.5 ലക്ഷം രൂപ നൽകാത്തതിലുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.