കൊച്ചി: ടുണീഷ്യൻ സമുദ്രാതിർത്തിയിൽ കണ്ടെത്തിയ ജഡം എം.വി എഫിഷ്യൻസി എന്ന പനാമ കപ്പലിൽ നിന്നു കാണാതായ സീമാൻ ആറ്റിങ്ങൽ സ്വദേശി അർജ്ജുന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മകനെ കാണാതായതിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് രവീന്ദ്രൻ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജഡം അഴുകിയതിനാൽ കപ്പലിലെ ജീവനക്കാർക്ക് ആളെ തിരിച്ചറിയാനായില്ല. എന്നാൽ മൃതദേഹത്തിൽ നിന്ന് ലഭിച്ച വാച്ചും മൊബൈലും അർജ്ജുന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അർജ്ജുന്റെ ഡി.എൻ.എ സാമ്പിൾ വിവരങ്ങൾ നയതന്ത്ര ചാനൽ മുഖേന ടുണീഷ്യൻ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞാൽ നാട്ടിലെത്തിക്കാൻ നടപടിയെടുക്കും. അന്വേഷണം പൂർത്തിയാകും വരെ കപ്പൽ തുറമുഖം വിട്ടുപോകില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുത്തെന്നും ഷിപ്പിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ നിർദ്ദേശ പ്രകാരം അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. ഹർജി ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും.