കൊച്ചി: ഇൻസ്റ്രഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ ഏയർ ഗണ്ണിൽ നിന്ന് വെടിപൊട്ടി അഭിഭാഷന് പരിക്കേറ്റ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിലായി. വൈപ്പിൻ മാലിപ്പുറം തെയ്യത്തുവീട്ടിൽ മുഹമ്മദ് ഷിനാസാണ് (19) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൂട്ടുപ്രതിയായ നാലാമനെ കണ്ടെത്താനായിട്ടില്ല. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കളമശേരി കുറ്റിക്കാട്ടുകര പുതിയറോഡ് വസന്തവിഹാറിൽ അർജുൻ (22), കറുകപ്പള്ളി കണറ്റിൻകരതുണ്ടിയിൽ ഉബൈസ് (29) എന്നിവരാണ് ആദ്യം പിടിയിലായത്. എയർഗൺ ചൂണ്ടിയുള്ള ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയുതിരുകയായിരുന്നു. സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്ന പറവൂർ സ്വദേശിയും അഭിഭാഷകനുമായ അജ്മൽ അലിയുടെ തലയ്ക്കാണ് വെടിയേറ്റത്. കാര്യമായി പരിക്കേറ്റിരുന്നില്ല. അജ്മൽ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരു തിരകൂടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എയർഗണ്ണും തിരകളും കോടതിയിൽ ഹാജരാക്കി.