വൈപ്പിൻ: തിരുവനന്തപുരം മീഡിയസിറ്റി ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് ചാനൽ സംഘടിപ്പിച്ച ഡാൻസ് പ്രോഗ്രാമിൽ ഞാറക്കൽ സ്വദേശി വിഷ്ണുബാബുവിന് അന്താരാഷ്ട്ര പുരസ്‌കാരം. വേൾഡ് റെക്കാഡ് യൂണിയൻ, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് അവാർഡുകളാണ് കരസ്ഥമാക്കിയത്. ഡോ. മനു സി. കണ്ണൂർ നേതൃത്വം നൽകിയ ചിലങ്ക ഡാൻസ് പ്രോഗ്രാമിൽ 515പേർ ഒരേപാട്ട് ഒരേകോറിയോഗ്രഫിയിൽ അവതരിപ്പിച്ച് നൃത്തംചെയ്താണ് അവാർഡ് നേടിയത്. ആറ്റുകാൽ അംബ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വേൾഡ് ബുക്ക് ഒഫ് റെക്കോഡ് ഓഫീസർ ഷെരീഫ ഹനീഫ്, ഏഷ്യ ബുക്ക് ഒഫ് റെക്കോഡ്‌സ്, ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്‌സ് ഓഫീസർ വിവേക് ആർ. നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഞാറക്കൽ തച്ചേരി വീട്ടിൽ ബാബു- ഗീത ദമ്പതികളുടെ മൂത്തമകനാണ് വിഷ്ണു ബാബു. പി.കെ. ബേബി, ഡോ. ആർ.എൽ.വി ജോളി മാത്യു, നാട്യ വിശാരദ അനുപമ മോഹൻ, ജയറാം രവി എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. 20 വർഷമായി നൃത്തരംഗത്തുള്ള വിഷ്ണു ബാബുവിന്റെ അദ്ധ്യാപന സേവനത്തിന് മീഡിയസിറ്റി യുവകലാപ്രതിഭ പുരസ്‌കാരം നൽകി ആദരിച്ചു.