കൊച്ചി: കേരളത്തിലെ കോസ്റ്റൽ പൊലീസിന്റെ പ്രവർത്തനം മികച്ചതെന്ന് വിലയിരുത്തി ഒഡിഷയിലെ ഉന്നതല പൊലീസ് സംഘം. ഒഡീഷ തീരദേശ പൊലീസ് വിഭാഗം എ.ഡി.ജി.പി സുധാംശു സാരംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്. തീരദേശ പൊലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയനെ സംഘം സന്ദർശിച്ചു. ഒഡീഷയിലെ കോസ്റ്റ് ഗാർഡ് മേധാവി കമാൻഡർ അമിത് കെ.ആർ ശ്രീവാസ്തവ, ഫിഷറീസ് ഡയറക്ടർ എസ്.ആർ പ്രധാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേരളത്തിലെ കോസ്റ്റൽ പൊലീസിന്റെ പ്രവർത്തനങ്ങൾ ഐ.ജി പി.വിജയൻ സംഘത്തിന് വിശദീകരിച്ചുനൽകി. തുടർന്ന് കോസ്റ്റ് ഗാർഡ്, നേവി, സ്‌പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ് ബ്യൂറോ എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്തയോഗത്തിൽ തീരദേശ പൊലീസിന്റെ ഫീൽഡ് തല പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കടലോരമേഖലയെ 523 ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിലാക്കി തിരിച്ച ബ്ലൂ ബീറ്റ് സംവിധാനം, കടലോരജാഗ്രതാ സമിതി, ഹാർബർ സുരക്ഷാസമിതി എന്നിവയുടെ പ്രവർത്തനങ്ങൾ സംഘം മനസിലാക്കി. വിവിധ ജില്ലകളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം എസ്.എച്ച്.ഒമാരിൽ നിന്ന് ചോദിച്ചറിഞ്ഞു. കേരളത്തിലെ തീരദേശ പൊലീസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലും നേട്ടങ്ങളിലും ഒഡീഷ സംഘം സംതൃപ്തി രേഖപ്പെടുത്തി.