അഞ്ച് ഹോം ഗാർഡുകളുടെ നിയന്ത്രണം സ്റ്റേഷനിൽ നിന്ന്
പറവൂർ: നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗത നിയന്ത്രണം, വാഹനാപകട കേസുകൾ കൈകാര്യം ചെയ്യൽ എന്നിവയുടെ ചുമതലയുള്ള പറവൂർ ട്രാഫിക് പൊലീസ് യൂണിറ്റിന്റെ പ്രവർത്തനം സബ് ഇൻസ്പെക്ടർ ഇല്ലാത്തതിനാൽ നിലച്ചു.
നഗരത്തിലെ പ്രധാന കവലകളിൽ ട്രാഫിക്ക് നിയന്ത്രണത്തിന് അഞ്ച് ഹോം ഗാർഡുകളാണുഉള്ളത്. ഇവർക്ക് ഇപ്പോൾ ഡ്യൂട്ടി നിശ്ചയിക്കുന്നത് പറവൂർ സ്റ്റേഷനിൽ നിന്നാണ്. സ്റ്റേഷനിലെ ഏതെങ്കിലുമൊരു സബ് ഇൻസ്പെക്ടർക്ക് ട്രാഫിക് ഡ്യൂട്ടി നൽകുന്നുണ്ട്.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സബ് ഇൻസ്പെക്ടർ, അഡി. സബ് ഇൻസ്പെക്ടർ, എട്ട് പൊലീസുകാർ, ഡ്രൈവർ, ക്ലീനിംഗ് സ്റ്റാഫ്, നാല് ഹോംഗാർഡ് ഉൾപ്പെടെ പതിനാറ് പേരുമായി തുടങ്ങിയ ട്രാഫിക് യൂണിറ്റാണിത്. ഓരോ വർഷം പിന്നിടുമ്പോഴും പൊലീസുകാർ കുറഞ്ഞുകൊണ്ടിരുന്നു. മാർച്ചിൽ ട്രാഫിക് എസ്.ഐ വിരമിച്ചശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല.
പ്രവർത്തനം നിലച്ചതോടെ യൂണിറ്റിൽ ഉണ്ടായിരുന്ന വാഹനവും തിരിച്ചെടുത്തു. പറവൂർ പൊലീസ് സ്റ്റേഷനിലും ജീവനക്കാരുടെ എണ്ണം കുറവാണ്. ഉള്ളവരിൽ തന്നെ കുറച്ചുപേർ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റ് സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്.
ദേശീയ പാത, മൂന്നു കവലകൾ
ദേശീയപാത കടന്നുപോകുന്ന നഗരമാണ് പറവൂർ. കെ.എം.കെ, ചേന്ദമംഗലം, മുനിസിപ്പൽ എന്നീ മൂന്ന് പ്രധാന കവലകളുണ്ട്. കെ.എം.കെ കവലയിൽ ട്രാഫിക്ക് സിഗ്നൽ ഇല്ലാത്തതിനാൽ തിരക്കുള്ള സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യമാണ്. ചേന്ദമംഗലം കവലയിൽ ട്രാഫിക്ക് സിഗ്നൽ ഉണ്ടെങ്കിലും ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥർ അത്യാവശ്യമാണ്.
സ്കൂൾ തുറക്കൽ അടുത്തു
സ്കൂൾ തുറക്കുന്നതോടെ ചെറിയ കുട്ടികളടക്കം റോഡുകളിൽ യാത്രക്കാർ കൂടും. കുട്ടികളെ പല കവലകളും മുറിച്ചുകടത്താനും സ്കൂളുകളുടെ പരിസരത്തും പൊലീസിന്റെ നിയന്ത്രണം ആവശ്യമാണ്. മഴക്കാലത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും കൂടുന്നതിനാൽ ട്രാഫിക്ക് പൊലീസിന്റെ സാന്നിധ്യം നഗരത്തിൽ എല്ലാ സമയത്തുമുണ്ടാകേണ്ടതാണെന്നതിൽ സംശയമില്ല.