കൊച്ചി : എളംകുളത്തു ജല അതോറിറ്റിയുടെ പുതിയ മലിനജല സംസ്‌കരണ പ്ലാന്റ് (സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്– എസ്.ടി.പി) ജൂണിൽ പ്രവർത്തന സജ്ജമാകും. മന്നോടിയായുള്ള ട്രയൽ റൺ തുടങ്ങി. ആദ്യ പടിയായി ടാങ്കുകളിൽ വെള്ളം നിറച്ചു തുടങ്ങി. പ്ലാന്റിന്റെ അഞ്ചു വർഷത്തെ പ്രവർത്തന, അറ്റകുറ്റപ്പണി ചുമതലയും കരാർ കമ്പനിയായ മേരിമാതാ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്. നിലവിൽ 45 ലക്ഷം ലീറ്റർ ശേഷിയുള്ള 50 വർഷത്തിലേറെ പഴക്കമുള്ള പ്ലാന്റാണ് ഇവിടെയുണ്ടായിരുന്നത്. പുതിയ പ്ലാന്റ് സജ്ജമായാലും കുറച്ചു കാലത്തേക്ക് കൂടി പഴയ പ്ലാന്റ് പ്രവർത്തിപ്പിക്കും.
പദ്ധതിയുടെ ഭാഗമായുള്ള രണ്ട് ടാങ്കുകളിൽ വെള്ളം നിറച്ച്, ഒഴുക്കു പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനു ശേഷം ടാങ്കുകളിൽ ബാക്ടീരിയ വളർത്താനുള്ള നടപടികൾ ആരംഭിക്കും. 10–15 ദിവസത്തിനുള്ളിൽ പൂർത്തിയാകും. 31ഓടെ പുതിയ പ്ലാന്റ് കമ്മിഷൻ ചെയ്യാനായിരുന്നു പ്ളാൻ. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴ കാര്യങ്ങൾ അവതാളത്തിലാക്കിയെന്ന് ജല അതോറിറ്റി എളംകുളം ഡ്രെയിനേജ് വിഭാഗത്തിലെ അസി. എൻജിനീയർ പറഞ്ഞു

 അഞ്ചു ഡിവിഷനുകളിലെ

സംസ്കരണം ഇവിടെ

കൊച്ചി കോർപ്പറേഷനിലെ എളംകുളം, ഗാന്ധിനഗർ, എറണാകുളം സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ അഞ്ചു ഡിവിഷനുകളിലെ കക്കൂസ് മാലിന്യമാണു പൈപ്പ് വഴി ഇവിടെയെത്തിച്ചു സംസ്‌കരിക്കുക. നിലവിൽ സീവേജ് പൈപ്പ് ലൈൻ ശൃംഖലയുള്ള ഡിവിഷനുകളാണിത്. കോർപ്പറേഷനിലെ തന്നെ വിവിധ സ്ഥലങ്ങളിൽ ആധുനിക സംസ്കരണ പ്ളാന്റുകൾ നിർമ്മിക്കാൻ പദ്ധതികളുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം നടന്നിട്ടില്ല. പ്ലാന്റിന്റെ പ്രവർത്തനം കാണുന്നതിനായി ധാരാളം സന്ദർശകർ ഇവിടെ എത്തുന്നുണ്ട്.

 എം.ബി.ബി.ആർ
സാങ്കേതികവിദ്യ

മൂവിംഗ് ബെഡ് ബയോഫിലിം റിയാക്ടർ (എം.ബി.ബി.ആർ) എന്ന സാങ്കേതിക വിദ്യയാണു പുതിയ പ്ലാന്റിലുള്ളത്. രാസ പദാർഥങ്ങൾക്കു പകരം ബാക്ടീരിയ ഉപയോഗിച്ചു മലിന ജലത്തിലെ മാലിന്യം വിഘടിപ്പിച്ചു വേർതിരിക്കുന്നതാണ് പ്രക്രിയ. ഇതു കൂടുതൽ ഫലപ്രദവും പരിസ്ഥിതി സൗഹാർദവും ചെലവു കുറഞ്ഞതുമായ രീതിയാണ്. സംസ്‌കരിച്ച ശേഷം പുറത്തേക്കു വിടുന്ന വെള്ളത്തിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിക്കുന്ന നിശ്ചിത നിലവാരമുണ്ടെന്ന് ഉറപ്പാക്കും. ഈ വെള്ളം പൂന്തോട്ടങ്ങൾ നനയ്ക്കാനും കെട്ടിട നിർമാണത്തിനും ഉപയോഗിക്കാം. അവശേഷിക്കുന്ന മാലിന്യം ഉണക്കിയ ശേഷം വളമായി ഉപയോഗിക്കാനാകും.

നഗരപരിധിയിലെ 1.718 കണക്ഷനുകളിൽ നിന്നുള്ള മലിനജലം പ്ലാന്റിൽ സംസ്‌കരിക്കാം

പ്രതിദിനം 50 ലക്ഷം ലീറ്റർ ശുദ്ധീകരണ ശേഷി

അമൃത് പദ്ധതിയുടെ ഭാഗമായി 14.45 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം