metro-shop

കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ താമസിയാതെ ബ്യൂട്ടി സലൂണുകളും പെറ്റ് ഗ്രൂമിംഗ് സെന്ററുകളും സ്ഥാനം പിടിക്കും. ഈയിടെ നടന്ന കടമുറികളുടെയും ഓഫീസ് സ്ഥലങ്ങളുടെയും ലേലത്തിന് മികച്ച പ്രതികരണമായിരുന്നു. വളർത്തു മൃഗങ്ങളുടെ ഗ്രൂമിംഗ് സലൂണിനുവരെ സ്ഥലം അന്വേഷിച്ച് സംരംഭകരെത്തി. 20 ന് പൂർത്തിയായ ലേലത്തിൽ 33 കിയോസ്‌കുകളും 10 ഓഫീസ് സ്‌പേസുകളും വിറ്റുപോയി.

ആലുവ, വൈറ്റില, കമ്പനിപ്പടി, അമ്പാട്ടുകാവ്, ഇടപ്പള്ളി, മുട്ടം, കുസാറ്റ്, ടൗൺഹാൾ, ജെ.എൽ.എൻ സ്റ്റേഡിയം, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, എം.ജി റോഡ്, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലായി 63 കിയോസ്‌കുകളും 18 ഓഫീസ് സ്‌പേസുകളും ഇനിയും സംരംഭകർക്ക് ലഭ്യമാണ്. ഉദ്ഘാടനത്തിനൊരുങ്ങുന്ന വടക്കേക്കോട്ട, എസ്.എൻ. ജംഗ്ഷൻ സ്റ്റേഷനുകളിലും കൊമേഴ്സ്യൽ സ്പേസിന്റെ പ്രീലൈസൻസിംഗ് നടപടികളും തുടങ്ങിയിട്ടുണ്ട്. 30ന് ഇവയുടെ ലേലം നടക്കും.

കിയോസ്‌കുകളും ഓഫീസ് സ്‌പേസുകളും വിറ്റഴിക്കാൻ നേരത്തേ പലവട്ടം ലേലം നടത്തിയെങ്കിലും വലിയ പ്രതികരണം ലഭിച്ചിരുന്നില്ല. ലേലത്തിന് എടുത്തവരാകട്ടെ കൊവിഡിനെ പേടിച്ച് കടകൾ തുടങ്ങിയതുമില്ല.

എന്നാൽ ഇപ്പോൾ സ്ഥിതി മാറി. കടകൾക്ക് ഡിമാൻഡായി.
കൊവിഡിന് മുമ്പ് 152 പേർ കിയോസ്‌കുകൾ ലേലത്തിൽ പിടിച്ചെങ്കിലും 24 പേരാണ് ബിസിനസ് തുടങ്ങിയത്.

ആലുവ മുതൽ പേട്ടവരെ 22 സ്റ്റേഷനുകളിലായി 311 കിയോസ്കുകളാണുള്ളത്. കിയോസ്കുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും ഓഫീസുകൾക്കുമായി 40,000 ചതുരശ്ര അടി സ്ഥലം ഓഫീസുകൾക്കുള്ളിൽ മാത്രമുണ്ട്.

 ജൂൺ ഒന്നിന് പിള്ളേർക്കും

അദ്ധ്യാപകർക്കും സൗജന്യയാത്ര

സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിന് കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സൗജന്യ യാത്ര. രാവിലെ ഏഴു മുതൽ ഒമ്പത് വരെയും ഉച്ചയ്ക്ക് 12.30മുതൽ 3.30വരെയുമാണ് സൗജന്യം. തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ ഹാജരാക്കണം. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അർഹത.