ആലുവ: റിച്ച്മാക്‌സ് ഇന്റഗ്രേറ്റഡ് ഫൗണ്ടേഷനും വാലത്ത് ജ്വല്ലേഴ്‌സും ചേർന്ന് സംസ്ഥാനതലത്തിൽ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവത്കരണം 'ഞാനുമുണ്ട് ലഹരിക്കെതിരെ' സംഘടിപ്പിക്കും. ടീനേജുകാർക്കിടയിൽ ലഹരിവിരുദ്ധസന്ദേശം എത്തിക്കുകയും ലഹരിയുടെ പിടിയിൽനിന്ന് പുതിയ തലമുറയെ രക്ഷിച്ചെടുക്കുകയുമാണ് ലക്ഷ്യമെന്ന് റിച്ച് ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്ത് പറഞ്ഞു.

വരുന്ന അദ്ധ്യയനവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സൈക്കോളജിസ്റ്റുകളുടെയും സോഷ്യൽ വർക്കേഴ്‌സിന്റെയും നേതൃത്വത്തിലുള്ള ടീം സ്‌കൂളുകൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിക്കും. ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന വീഡിയോകളും ഗാനങ്ങളും സോഷ്യൽ മീഡിയയിലൂടെയും മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും. സ്‌കൂളുകളിലെയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകളുമായും പ്രാദേശിക തലത്തിലുള്ള സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ഗൃഹസന്ദർശനങ്ങൾ, ബോധവത്കരണ റാലികൾ, മാതാപിതാക്കൾക്ക് സെമിനാറുകൾ, ഫോൺ ഇൻ കൗൺസലിംഗ് എന്നിവ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങളുമുണ്ടാകും. വിദ്യാർത്ഥികളുടെ ചികിത്സയ്ക്കായി ഡീഅഡിക്ഷൻ സെന്ററുകളുമായി സഹകരിക്കും.

ശങ്കർ ശർമ്മ സംഗീതസംവിധാനം നിർവഹിച്ച് യുവഗായകൻ ഫാസൽ റാസി (മരം ഫെയിം) ആലപിച്ച 'ടീനേജ് കാലം എന്ന സിക് വീഡിയോ പ്രചാരണത്തിനായി പുറത്തിറക്കി. താത്പര്യമുള്ള സ്‌കൂൾ അധികൃതർക്കും കോളേജ് യൂണിയൻ ഭാരവാഹികളും 9995613030 എന്ന നമ്പറിൽ ബന്ധപ്പെടണം. സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം ആലുവയിൽ നടക്കും. സി.എം. ജോളി, പീൻസ് പീറ്റർ, എം. രാജേഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.