കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി.ജോർജ്ജിനെ ഭീകരനെ പോലെ വേട്ടയാടിയ പൊലീസ് പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയൊന്നും എടുക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് വിദ്വേഷ മുദ്രാവാക്യത്തെ കുറിച്ച് സി.പി.എം പ്രതികരിക്കുന്നില്ല.
ക്രൈസ്ത-ഹൈന്ദവ വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുമ്പോൾ മുഖ്യമന്ത്രി അനങ്ങുന്നില്ലെന്നും പത്രസമ്മേളനത്തിൽ കുമ്മനം പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യ ഘട്ടത്തിൽ അപ്രസക്തമായ കാര്യങ്ങൾ ചർച്ച ചെയ്യുവാനാണ് ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രചരണത്തിനിടയിൽ എൻ.ഡി.എ. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തിയത് ബി.ജെ.പി കോൺഗ്രസ് ധാരണയ്ക്കാണെന്ന കോടിയേരിയുടെ പ്രസ്താവന ബാലിശമാണ്. വിവാദങ്ങൾ ഉണ്ടാക്കി വോട്ടുപിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിൽ നിന്നും നീതി കിട്ടുന്നി ല്ലെന്ന് അതിജീവിത പറയുന്നു. സർക്കാർ അതിജീവിതയ്ക്കൊപ്പമെന്നു പറയുന്നത് പാഴ്വാക്കായി മാറുന്നതായും കുമ്മനം വ്യക്തമാക്കി.