കൊച്ചി: തേവര പേരണ്ടൂർ കനാലിലെ ചെളി നീക്കുന്നതിന് കൊച്ചി കോർപ്പറേഷൻ നെടുമ്പാശേരി എയർപോർട്ട് അതോറിറ്റിയുടെ (സിയാൽ) സഹായം തേടി. കനാലിലെ ചെളി കോരുന്നതിനായി അത്യാധുനിക മെഷിൻ നൽകാൻ സിയാൽ സമ്മതം അറിയിച്ചതായി മേയർ എം. അനിൽകുമാർ കൗൺസിലിനെ അറിയിച്ചു. ഈ യന്ത്രം ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കനാൽ വൃത്തിയാക്കുന്നതിനുള്ള ചുമതല ജലസേചന വകുപ്പിനെ ഏല്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്നുതന്നെ പ്രവൃത്തികൾ ആരംഭിക്കും.

നഗരത്തിലും പശ്ചിമകൊച്ചി ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് കൗൺസിലിൽ പ്രധാന ചർച്ചാവിഷയമായി. ഓപ്പറേഷൻ ബ്രേക് ത്രൂ ഉൾപ്പെടെയുള്ള പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും വെള്ളക്കെട്ട് തുടരുകയാണെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇത്തവണ കാനകൾ കോരാൻ കഴിഞ്ഞിട്ടില്ലെന്ന് മേയർ സമ്മതിച്ചു. ഫെബ്രുവരിയിൽ തന്നെ കൗൺസിൽ അനുമതി നൽകിയെങ്കിലും പ്രതീക്ഷിച്ച തരത്തിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേസമയം 2021 ലാകട്ടെ മാർച്ചിൽ തന്നെ തോടുകളിലെയും കനാലുകളിലെയും ചെളി കോരിയിരുന്നു. ഇത്തവണ കാനകളും ചെറുതോടുകളും വൃത്തിയാക്കി. മേയ് ആദ്യ ആഴ്ചയിൽ വലിയ കനാലുകളിലെ ചെളി കോരാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അന്നു തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നതിനാൽ പദ്ധതി അപ്പാടേ പാളിയെന്ന് മേയർ പറഞ്ഞു. അസാധാരണ മഴയാണ് ഇത്തവണ പെയ്തത്. വേലിയേറ്റ സമയത്ത് നാലു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ നിസഹായരായി കണ്ടു നിൽക്കാനേ കഴിയുകയുള്ളു.

നഗരവിഷയങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെടുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നന്ദിപറഞ്ഞ മേയർ കോടതി നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ പുതിയ കൗൺസിലറായ പത്മജ. എസ്.മേനോൻ സതൃപ്രതിജ്ഞ ചെയ്തു.