കോതമംഗലം: കുറുപ്പംപടി - കൂട്ടിക്കൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടപ്പടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഈ റോഡിൽ കോട്ടപ്പടി ഹൈസ്‌കൂൾ കവലയിൽ ചേറങ്ങനാൽ മാർ ഏലിയാസ് കോളേജ് പടി മുതൽ കുടുംബാരോഗ്യകേന്ദ്രം വരെയുള്ള ഭാഗത്ത് ചെറിയ മഴപെയ്താൽ പോലും രൂക്ഷമായ വെള്ളക്കെട്ടാണ്. ഇതുമൂലം വിദ്യാർത്ഥികളും രോഗികളുമുൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. കാനകളും കലുങ്കുകളും മണ്ണിട്ട് മൂടി കെട്ടിടങ്ങൾ നിർമ്മിച്ചതും അശാസ്ത്രീയമായ നവീകരണവുമാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണണമെന്നും കാനകളും കലുങ്കുകളും പുനഃസ്ഥാപിക്കണമെന്നും ഇന്റർലോക്ക് കട്ടകൾ വിരിച്ചിരിക്കുന്ന ഭാഗം നിലവാരത്തോടെ പുന:നിർമ്മിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി കോതമംഗലം മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സീനത്ത് അരുൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ആർ. രഞ്ജിത്ത് സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗം എം.എ. സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പാട്ട് രാമചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി അജി പൂക്കട, പി.കെ സത്യൻ, അനീഷ് ബിജു, സന്ധ്യ സുനിൽ, എൻ.എ. നടരാജൻ, ടി.വി. ശിവൻ, അജയൻ ആയപ്പാറ, വിഷ്ണു വിജയൻ, എം.ടി പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.