കുറുപ്പംപടി: ആലുവ-മൂന്നാർ റോഡിൽ ഓടക്കാലി മുതൽ ഇരിങ്ങോൾ വൈദ്യശാലപ്പടി വരെയുള്ള റോഡിന്റെ ദുരവസ്ഥയെ ഇങ്ങനെ പരിചയപ്പെടുത്തുന്നതാവും ശരി. അശമന്നൂർ, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയുടെ അവസ്ഥ തീർത്തും പരിതാപകരം. ഈ പാതയിലൂടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിനുപേർ ഏറെ ബുദ്ധിമുട്ടുകയാണ്.
ഓടക്കാലി, ചെറുകുന്നം, മുടിക്കരായി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലെ വലിയ കുഴികളും പൊതുജനത്തിന്റെ പോക്കറ്റിൽ കൈയിട്ട് ഖജനാവ് നിറക്കാൻ സ്ഥാപിക്കപ്പെട്ട എം.വി. ഡി ക്യാമറകളുമാണിപ്പോൾ എ.എം റോഡിനെ അടക്കി ഭരിക്കുന്നത്. വഴിവിളക്കുകളോ ഗതാഗത സൂചികകളോ നാളിന്നുവരെയും തൊട്ടുതീണ്ടിയിട്ടില്ലാത്ത എ.എം റോഡിന് എം.വി.ഡി ക്യാമറകൾ മുൾക്കിരീടമാവുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത റോഡിൽ ക്യാമറകൾ തിരുകിക്കയറ്റിയത് പൊതുജനങ്ങളോട് അധികാരികൾ കാണിക്കുന്ന നെറികേടാണെന്ന് വിമർശനമുണ്ട്.
റോഡിലെ കുഴിയടച്ചാൽ,ക്രെഡിറ്റ് സ്വന്തമാക്കാൻ പഞ്ചായത്ത് അംഗം മുതൽ പൊതുമരാമത്ത് മന്ത്രി വരെ മത്സരിക്കുന്ന കാലത്താണ് തകർന്നുതരിപ്പണമായ എ.എം റോഡിന്റെ ദുരവസ്ഥയിൽ അധികാരികൾ കണ്ണടയ്ക്കുന്നതെന്നത് മറ്റൊരു യാഥാർത്ഥ്യം.