
കോലഞ്ചേരി: ഓട്ടോ റിക്ഷയിൽ മറന്നുവച്ച പണപ്പൊതി അവകാശിയായ വൃദ്ധയ്ക്ക് തിരികെനൽകി മാതൃക തീർത്ത് ഡ്രൈവർ. പട്ടിമറ്റത്തെ ഓട്ടോ തൊഴിലാളിയായ നീലാമുറി എം.വി. ചന്ദ്രനാണ് (ബാബു) മറന്നുവച്ച പണപ്പൊതി വൃദ്ധയെ അന്വേഷിച്ച് കണ്ടെത്തി കൈമാറിയത്.
കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ പാങ്കോട്ട് സ്വദേശിയായ കാവുമ്പ എന്ന 89കാരിയാണ് പെൻഷൻ തുക ചന്ദ്രന്റെ ഓട്ടോ റിക്ഷയിൽ മറന്നുവച്ചത്.
വീട്ടിലേക്ക് മടങ്ങവെ ഓട്ടോയുടെ പിൻസീറ്റിലാണ് പണമടങ്ങിയ പൊതി കാവുമ്പ മറന്നുവച്ചത്. ഓട്ടോയുമായി തിരികെ സ്റ്റാൻഡിൽ എത്തിയപ്പോൾ ചന്ദ്രന്റെ സുഹൃത്താണ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോൾ പണമുണ്ടെന്ന് മനസ്സിലായി. തുടർന്ന് പട്ടിമറ്റത്ത് നിന്നും നാല് കിലോമീറ്റർ അപ്പുറം ആളെ ഇറക്കിയ സ്ഥലത്ത് ചന്ദ്രൻ അന്വേഷിച്ച് ചെന്നെങ്കിലും കാവുമ്പയെ കണ്ടെത്താനായില്ല. സമീപത്തെ കടകളിൽ കയറി സംഭവം പറഞ്ഞപ്പോൾ പണം നഷ്ടപ്പെട്ട വൃദ്ധ അന്വേഷിച്ച് നടക്കുന്ന വിവരം ചിലർ ചന്ദ്രനോട് പറഞ്ഞു. തുടർന്ന് കാവുമ്പയെ തേടിപ്പിടിച്ച് പണപ്പൊതി കൈമാറുകയായിരുന്നു. പട്ടിമറ്റം- മൂവാറ്റുപുഴ റോഡിലെ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ് സി.ഐ.ടി.യു യൂണിയൻകാരൻകൂടിയായ ചന്ദ്രൻ. ഇരുപത് വർഷം മുൻപാണ് പട്ടിമറ്റത്ത് എത്തിയത്. മക്കളൊക്കെ നല്ല നിലയിലാണെങ്കിലും ജോലി ചെയ്ത് ജീവിക്കണം എന്ന ലക്ഷ്യവുമായി 2019 ലാണ് ചന്ദ്രൻ ഓട്ടോ വാങ്ങിയത്.