കൊച്ചി: കാൻസർ ബാധിച്ചോ അപകടങ്ങൾ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച 'നാനോടെക്‌സ് ബോൺ' എന്ന ഗ്രാഫ്റ്റിന് (ബദൽ അസ്ഥി) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി ലഭിച്ചു. അസ്ഥി വളരുന്നതിനനുസരിച്ചു ഗ്രാഫ്റ്റ് ശരീരത്തിൽ നിന്ന് അലിഞ്ഞു പോകും. ലോകത്ത് ഇത്തരം ഉത്പന്നം ആദ്യമാണെന്നും മുയലിലും പന്നികളിലും നടത്തിയ പരീക്ഷണത്തിൽ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ അസ്ഥികൾ പഴയ നിലയിലേക്ക് എത്തിയെന്നും ഗവേഷകർ പറഞ്ഞു. അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്യുലർ മെഡിസിൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രി എന്നിവർ സംയുക്തമായാണ് ഗവേഷണം നടത്തിയത്. അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ ഡയറക്ടർ ഡോ.ശാന്തികുമാർ വി.നായരുടെ നേതൃത്വത്തിൽ ഡോ.മനിത നായർ, ഡോ.ദീപ്തി മേനോൻ, ഡോ.സുബ്രഹ്മണ്യ അയ്യർ, ഡോ.വി.മഞ്ജു വിജയമോഹൻ എന്നിവരടങ്ങിയ സംഘത്തിന്റെ പത്തു വർഷത്തോളം നീണ്ട ഗവേഷണഫലമാണിത്. ക്ലിനിക്കൽ പരീക്ഷണം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലും അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രിയിലും നടക്കും.