hareesh

ആലുവ: ഒരു മോഷ്ടാവല്ല ഹരീഷ് കുമാർ. പക്ഷേ, ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​ൽ ഫാസ്റ്റ് പാസഞ്ചർ ബസ് കണ്ടപ്പോൾ ഓടിക്കണമെന്നുതോന്നി. ബസ് കലൂരിൽ എത്തുന്നതിനിടെ ആറു വാഹനങ്ങളി​ൽ ഉരസിയെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ആരും പരാതി​ നൽകി​യി​ട്ടി​ല്ല. ഏതായാലും ഒരു മണിക്കൂറിനകം പ്രതിയെ എറണാകുളം കലൂരിൽ നിന്ന് ബസ് സഹിതം പൊലീസ് പിടികൂടി.

മലപ്പുറം മഞ്ചേരി തുറക്കൽ നെച്ചിക്കുന്ന് മേലേതിൽ ഹരീഷ് കുമാറാണ് (32) പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ രാവി​ലെ എട്ടുമണി​യോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ആലുവ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ആലുവ ഡിപ്പോയിലെ ആർ.എസ്.സി 806 ബസാണ് ഓടിച്ചുകൊണ്ടുപോയത്. പുലർച്ചെ കോഴിക്കോട് നിന്നെത്തി​യ ബസ് ഉച്ചയ്ക്ക് രണ്ടിനു മടങ്ങാനായി പുതിയ ടെർമിനൽ നിർമ്മിക്കുന്നിടത്ത് പാർക്ക് ചെയ്തിരി​ക്കുകയായി​രുന്നു.

ഹരീഷ്‌കുമാർ ബസ് സ്റ്റാൻഡി​ന് പുറത്തി​റക്കവേ മിനി ലോറിയിൽ തട്ടിയെങ്കിലും നിറുത്തിയില്ല. ലോറി​ ഡ്രൈവർ സ്റ്റാൻഡി​ലെത്തി പരാതിപ്പെട്ടപ്പോഴാണ് വിവരം അറിഞ്ഞത്. സി​.സി​.ടി​.വി​ പരി​ശോധി​ച്ചപ്പോൾ യുവാവ് ബസി​ൽ കയറുന്നതും ഓടി​ച്ചുപോകുന്നതും കണ്ടു. എ.ടി​.ഒ സുധി​കുമാർ ആലുവ പൊലീസി​നെ അറി​യി​ച്ചു.

പൊലീസ് പരിശോധന നടത്തുന്നതിനിടെ ഒമ്പത് മണിയോടെ കലൂർ മണപ്പാട്ടിപ്പറമ്പ് സിഗ്നലിനു സമീപം മറ്റൊരു വാഹനത്തിൽ ബസ് ഉരസിയതായി വിവരം ലഭിച്ചു. തുടർന്ന് ഇടറോഡിലേക്ക് കയറ്റിയെങ്കിലും സിറ്റി പൊലീസെത്തി പിടികൂടി. സ്റ്റാൻഡിൽ തിരിച്ചെത്തിച്ച ബസ് മുടക്കമില്ലാതെ കോഴിക്കോട്ടേക്ക് സർവീസ് നടത്തി.

താക്കോൽ വേണ്ട

ഹരീഷ്‌കുമാർ അഴുക്കും ഓയിലും കലർന്ന ഷർട്ട് ധരിച്ചിരുന്നതിനാൽ ആലുവ ഡിപ്പോയിലെ സെക്യൂരിറ്റിക്കാർ സംശയിച്ചിരുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാർട്ട് ചെയ്യാൻ താക്കോൽ ആവശ്യമില്ലാത്തതും ഇയാൾക്ക് സഹായമായി. 20 ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നതാണത്രെ ഇയാൾ. ചെറുപ്പത്തിലേ ഡ്രൈവിംഗ് അറിയാം. എല്ലാത്തരം വാഹനങ്ങളും ഓടിക്കും. അവിവാഹിതനാണ്. ഹരീഷിനെതിരെ മോഷണത്തിന് കേസെടുത്തെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.