t

തൃപ്പൂണിത്തുറ: വൈക്കം റോഡിലെ കൊടും വളവായ ഉദയംപേരൂർ പത്താം മൈലിൽ അപകടങ്ങൾ പതിവാകുന്നു. മീഡിയനിൽ അപകടകരമാം വിധം വളർന്നു നിൽക്കുന്ന ആൽമരങ്ങൾ ഉൾപ്പെടെയുള്ള ചെടികളും വടക്കുഭാഗത്ത് റോഡിനോട് ചേർന്ന് വളർന്ന് പന്തലിച്ച കാടും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്. അപകടങ്ങൾ പതിവായതോടെയാണ് റോഡിൽ നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് മീഡിയൻ സ്ഥാപിച്ചത്. മീഡിയനോട് ചേർന്ന് പല തവണ അപകട ബോർഡ് സ്ഥാപിച്ചെങ്കിലും ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾ അവയെല്ലാം ഇടിച്ചു തെറിപ്പിച്ചു. അപകട മുന്നറിയിപ്പ് ഇല്ലാത്തതിനാൽ അമിതവേഗതയിൽ വന്ന ടാങ്കർ ലോറി മീഡിയനിൽ കുടുങ്ങുന്നതും പതിവാണ്.

ഒരു വശത്ത് ഇടതൂർന്ന കാടും മറുവശത്ത് റോഡിനോട് ചേർന്നു അപകടകരമാം വിധം നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും അപകടം വിളിച്ചു വരുത്തകയാണ്. അപകടങ്ങൾ ഒഴിവാക്കാനും മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.