മൂവാറ്റുപുഴ: പായിപ്ര കവലയിലെ ഒരു കിലോമീറ്ററോളം വരുന്ന കാനകളുടെ സൗന്ദര്യവത്കരണം ഉടൻ പൂർത്തിയാകും. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് കാനകളിലെ മാലിന്യം നീക്കംചെയ്ത് പുതിയ സ്ലാബിട്ട് മൂടുന്ന പ്രവർത്തികളാണ് പൂർത്തിയാകാൻ പോകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.
മഴക്കാലം ആരംഭിക്കുമ്പോഴേക്കും പായിപ്ര കവലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. കവലക്ക് സമീപത്തെ കെട്ടിടങ്ങളിൽ വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും കച്ചവടക്കാരുമെല്ലാം മാലിന്യങ്ങൾ ഓടയിലേക്കാണ് തള്ളുന്നത്. ചിലർ കക്കൂസിന്റെ കുഴൽ പോലും ഓടയിലേക്ക് തുറന്നുവച്ചിട്ടുണ്ട്. അതിനാൽ ഇനിമുതൽ ഓടയിലേക്ക് മാലിന്യം തള്ളരുതെന്ന് നിർദ്ദേശം നൽകിയശേഷമാണ് നവീകരണ പ്രവർത്തനം ആരംഭിച്ചത്. ശക്തമായ മഴ പെയ്താൽ സബൈൻ ഹോസ്പിറ്റൽ പടിവരെ കാൽനടയാത്രക്കുപോലും പറ്റാത്ത തരത്തിൽ റോഡിൽ വെള്ളക്കെട്ടാണ്. റോഡിന് ഇരു വശത്തുമുള്ള കാനകളിലെ വെള്ളം ഒഴുകിപ്പോയിരുന്ന കൈത്തോടുകളിലും മാലിന്യം നിറഞ്ഞതിനാൽ മഴപെയ്ത് മണിക്കൂറുകളോളം റോഡിൽ വെള്ളക്കെട്ട് മാറാതെ നിൽക്കുന്നു. കാന നവീകരണത്തോടെ വെള്ളക്കെട്ടിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ കരുതുന്നത്.