adams-cycle-

വരാപ്പുഴ: സ്‌കാൻഡിനേവിയൻ യുവാവ് ആഡം റോബിൻ ഫോക്‌സിന്റെ ലക്ഷ്യമില്ലാ സൈക്കിൾ യാത്ര ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി. മുണ്ടും തലയിൽക്കെട്ടും മുന്നിലും പിന്നിലും ഭാണ്ഡക്കെട്ടുമായി ദേശീയപാതയിലൂടെ കാഴ്ച്ചകൾ ആസ്വദിച്ച് സൈക്കിൾ ചവിട്ടിപ്പോകുന്ന ഈ 22 കാരൻ വരാപ്പുഴയിലെ വഴിയാത്രക്കാർക്കാകെ കൗതുകമായി. സ്വീഡൻ നഗരമായ ഉമെയോയിൽ നിന്ന് സൈക്കിളിൽ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ ആഡത്തിന് ലക്ഷ്യസ്ഥാനങ്ങളില്ല. പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇദ്ദേഹത്തിന്റെ യാത്രാപദ്ധതിയിലില്ല. ഓൺലൈനിലൂടെ കണ്ടും കേട്ടുമറിഞ്ഞ ഇവിടത്തെ സാംസ്‌കാരിക വൈവിദ്ധ്യം അനുഭവിച്ചു സഞ്ചരിക്കുകയേ വേണ്ടൂ. സ്‌കൂൾ വിദ്യാഭ്യാസകാലത്താണ് ഇന്ത്യ ഒരു സ്വപ്‌നമായി മനസിൽ കടന്നത്. പഠനം പൂർത്തിയാക്കി നാട്ടിലെ റസ്‌റ്റോറന്റിൽ രണ്ടു വർഷം ജോലി ചെയ്തു ലഭിച്ച സമ്പാദ്യവും സൈക്കിളുമായി 2021 ജനുവരിയിൽ പുറപ്പെട്ടു. പോർച്ചുഗൽ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ട് നേപ്പാളിലെത്തി. രണ്ടു മാസം നേപ്പാളിൽ ചുറ്റി. തുടർന്ന് ബിരാട്‌നഗർ വഴി അതിർത്തി കടന്ന് ബിഹാറിലേക്ക്. ഹിമാലയൻ യാത്രയിൽ തകരാറിലായ സൈക്കിൾ കൊൽക്കത്തയിൽ ഉപേക്ഷിച്ച് പുതിയ ഹെർക്കുലീസ് ഇന്ത്യൻ സൈക്കിൾ വാങ്ങി യാത്ര തുടർന്നു. ചെന്നൈയിലും സമീപ ഗ്രാമങ്ങളിലും മൂന്നുമാസം ചുറ്റിത്തിരിഞ്ഞു. ഊട്ടിയിൽ നിന്നാണ് കേരളത്തിലെത്തിയത്. താമസിക്കാനുള്ള ടെന്റ് സൈക്കിളിന്റെ ബാരലിൽ ചുറ്റിവച്ചിട്ടുണ്ട്. അത്യാവശ്യത്തിനു ഭക്ഷണം ഉണ്ടാക്കാനുള്ള വിറകും സാമഗ്രികളും കരുതും. സൈക്കിൾ യാത്രയുടെ ആയാസം ഒഴിവാക്കാൻ കുറച്ചുമാത്രമേ ഭക്ഷണം കഴിക്കൂ. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ആഹാരം നിയന്ത്രിക്കും. നേപ്പാളിൽ എത്തും വരെ ഒരുനേരം മാത്രമായിരുന്നു ഭക്ഷണം. ചെന്നൈയിൽ എത്തും വരെ രാവിലെയും രാത്രിയും മാത്രം. ദക്ഷിണേന്ത്യയിൽ എത്തിയപ്പോൾ നാട്ടുകാർ നിർബന്ധിച്ച് പലപ്പോഴും നാലു നേരം ഭക്ഷണം കഴിപ്പിച്ചിട്ടുണ്ടെന്ന് ആഡം. കേരളത്തിലെ മത്സ്യ വിഭവങ്ങളാണ് ആഡത്തിന് പ്രിയം. ഓൺലൈനിൽ പഠിച്ച നേപ്പാളി, ഹിന്ദി, തമിഴ്, മലയാള ഭാഷകൾ യാത്രയിൽ ഗുണം ചെയ്തു. നാലുമാസം കേരളത്തിൽ അലയനാണ് ആഡത്തിന്റെ തീരുമാനം. ശേഷം സ്വീഡനിലെ മാതാപിതാക്കളും സഹോദരങ്ങളുമായി പങ്കുവയ്ക്കാൻ ഒരുപിടി സൗഹൃദങ്ങളും അനുഭവങ്ങളുമായി മടങ്ങണം...