കൊച്ചി: പേരണ്ടൂർ കനാലിലെ ചെളി സിയാലിൽ നിന്ന് വാടകയ്‌ക്കെടുത്ത 'സിൽറ്റ് മൂവർ' യന്ത്രം ഉപയോഗിച്ച് നീക്കി തുടങ്ങി. ഇന്നലെ വൈകിട്ട് കടവന്ത്ര കെ.പി.വള്ളോൻ റോഡിലെ കല്ലുപാലത്തിന് സമീപത്തെ ചെളി നീക്കികൊണ്ടായിരുന്നു തുടക്കം. മേയർ എം അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് സമിതി ചെയർമാൻ പി .ആർ. റെനീഷ്, ഇറിഗേഷൻ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ബാജിചന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചെളിനീക്കൽ. പനമ്പള്ളി നഗർ കടവന്ത്ര മുതൽ തേവര മൗത്ത് വരെയുള്ള തടസങ്ങൾ നീക്കാനാണ് ലക്ഷ്യമിടുന്നത്.
സിയാലിന്റെ ഉടമസ്ഥതയിലുള്ള യന്ത്രം ബുധനാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്. രണ്ടുമീറ്റർ വരെ ആഴത്തിൽ ചെളി കോരാൻ ശേഷിയുണ്ട്. 150 മീറ്ററോളം ദൂരം ചെളി തള്ളി നീക്കി റോഡ് സൗകര്യമുള്ള ഭാഗത്തെത്തിക്കാനാകും. ഇത് പേരണ്ടൂർ കനാൽ പോലെ റോഡ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പ്രയോജനകരമാകും. കനാൽതീരത്ത് കമ്പിവേലിയും മതിലുമുള്ളതിനാൽ കോരുന്ന ചെളി തീരത്ത് ഉപേക്ഷിക്കാനാകില്ല. ഇത് പിന്നീട് സൗകര്യപ്രദമായ മറ്റിടത്തേക്ക് നീക്കം ചെയ്യും.
ഇറിഗേഷൻ വിഭാഗം സിയാലിൽ നിന്ന് നാലു മാസത്തേക്കാണ് യന്ത്രം വാടകയ്‌ക്കെടുത്തിരിക്കുന്നത്. സിയാൽ ജീവനക്കാരാണിത് പ്രവർത്തിപ്പിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ചുമതലയും സിയാലിനാണ്. മഴയത്തും പ്രവർത്തിപ്പിക്കാമെന്നതാണ് യന്ത്രത്തിന്റെ സവിശേഷത. പേരണ്ടൂർ കനാലിലെ ചെളി നീക്കം ചെയ്തു കഴിഞ്ഞാൽ മറ്റു കനാലുകളിലെയും ചെളി ഈ യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യും.
കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിൽ ഏറ്റവും അധികവും വെള്ളപ്പൊക്കമുണ്ടായത് കനാലിന്റെ തീരപ്രദേശങ്ങളിലാണ്. അതു കണിക്കലെടുത്താണ് കാലവർഷത്തിന് മുമ്പ് അടിയന്തരമായി ചെളി നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ തുടക്കം കുറിച്ചത്. ജലസേചന വകുപ്പിനാണ് ഏൽപ്പിച്ചിരിക്കുന്നത്. കാലവർഷം ഇത്തവണ നേരത്തെയെത്തിയതിനാൽ വലിയ കാനകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോർപ്പറേഷൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത്.