കൊച്ചി: പ്രളയഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളുമായി സി.പി.എം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രചരണത്തിനെത്തുന്ന മന്ത്രിമാരുടെ താമസവും ഭക്ഷണവും പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളുടെ വീട്ടിലാണ്. 14 കോടി രൂപ ജില്ലാ ഭരണകൂടത്തിൽ നിന്ന് തട്ടിയെടുത്ത ലോക്കൽ കമ്മിറ്റി അംഗം, സി.ഐ.ടി.യു നേതാവ്, എൻ.ജി.ഒ നേതാവ് തുടങ്ങിയവരാണ് പ്രചരണത്തിലുള്ളത്.

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ നശിപ്പിച്ചതായി ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പുകാർക്ക് സംരക്ഷണം ഒരുക്കുകയാണ് സി.പി.എം കേസുമായി ബന്ധപ്പെട്ട് അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ വി.എ. സിയാദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണവും അട്ടിമറിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീഡിയോ വിവാദത്തിൽ യു.ഡി.എഫിന് പങ്കില്ല. വ്യക്തിഹത്യാ സംസ്‌കാരം യു.ഡി.എഫിന്റേതല്ല. വീഡിയോ പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിന്റെ തലയിലിട്ട് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.