വൈപ്പിൻ: നിർമ്മാണം പൂർത്തിയായ നായരമ്പലം ആയൂർവേദ ആശുപത്രി മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജൂൺ ആറിന് വൈകിട്ട് നാല് മണിക്ക് ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഫിഷറീസ് വകുപ്പിന്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ആശുപത്രിയിൽ പുതിയ ഐ.പി ബ്ലോക്ക് നിർമ്മിച്ചത്. രണ്ടുനിലകളുള്ള ഐ. പി. ബ്ലോക്കിൽ ഡോക്ടറുടെയും നഴ്‌സുമാരുടെയും ഡ്യൂട്ടി റൂമുകൾ, റിസർച്ച് റൂം, പഞ്ചകർമ്മ തെറാപ്പി റൂം, വനിതാ വാർഡ്, മെഡിസിൻ സ്റ്റോർ, പുരുഷ വാർഡ്, പേ വാർഡുകൾ, ലൈബ്രറി ഹാൾ, റാംപ് എന്നിവയുണ്ട്.
ഉദ്ഘാടന ചടങ്ങിന്റെ സ്വാഗത സംഘം രൂപീകരണയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി വർഗീസ്, അംഗങ്ങളായ കെ. വി ഷിനു, സി. സി സിജി, താര കൃഷ്ണ, ചീഫ് മെഡിക്കൽ ഓഫീസർ ഒ. പി ജയലക്ഷ്മി, തീരദേശ വികസന അതോറിറ്റി റീജിയണൽ മാനേജർ വി. പി പ്രശാന്തൻ, എ.എക്‌സ്.ഇ വി.എസ് സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയാണ് സ്വാഗത സംഘം രക്ഷാധികാരി. നീതു ബിനോദ് ചെയർപേഴ്‌സൺ. ചീഫ് മെഡിക്കൽ ഓഫീസർ ഒ. പി ജയലക്ഷ്മിയാണ് ജനറൽ കൺവീനർ.