പാലാ: പോക്‌സോ കേസിലെ പ്രതിയെ പിടിക്കാനെത്തിയ വനിതാ എസ്.ഐയെയും പൊലീസുകരേയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. തുടർന്ന് മൽപ്പിടിത്തത്തിലൂടെ പൊലീസ് പ്രതിയെ കീഴടക്കി. ഇന്നലെ രാമപുരം ചക്കാമ്പുഴ വലിയമരുത് ഭാഗത്താണ് പോക്‌സോ കേസിലെ വാറന്റ് പ്രതിയും മറ്റ് നിരവധി കേസുകളിലെ പ്രതിയുമായ പെരുവ അവർമ്മ കാപ്പിക്കരയിൽ ആകാശിനെ (26) കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. ആകാശ് വാഹനമിടിപ്പിച്ചതിനെത്തുടർന്ന് കൂത്താട്ടുകുളം സ്‌റ്റേഷനിലെ വനിതാ എസ്.ഐ ശാന്തി കെ.ബാബു, പൊലീസുകാരായ രജീഷ്, ജോഷി, രഞ്ജിത്ത്, ബിജുജോൺ, അനൂപ്, ജയേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശാന്തിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ആകാശിനെതിരെ കേസെടുത്തു.