തൃക്കാക്കര: ആത്മഹത്യാശ്രമത്തിൽനിന്ന് യുവാവിനെ രക്ഷിച്ച് ഇൻഫോപാർക്ക് പൊലീസ്. ഇൻഫോപാർക്കിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന അബിൻ സാം ജേക്കബ് എന്ന യുവാവിന്റെ ജീവനാണ് പൊലീസിന്റെ അവസരോചിത പ്രവൃത്തിയിലൂടെ രക്ഷിച്ചത്. അബിനെ കാണാതായതിനെത്തുടർന്ന് ബന്ധുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. അതിനിടയിൽ കാക്കനാടുള്ള ഒരു ലോഡ്ജിൽ മുറിയെടുത്ത ഇയാളെ കൈയിൽ ആഴത്തിൽ മുറിവേൽപ്പിച്ച നിലയിൽ ഇന്നലെ രാവിലെ എട്ടുമണിയോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. അമിത രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ സബ് ഇൻസ്പെക്ടർ ഇന്ദുചൂഢൻ, മുരളീധരൻ, വൈശാഖ്, ജോബി എന്നിവർ ചേർന്ന് സൺറൈസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.