
കളമശേരി: കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻപോയ 15കാരൻ പുഴയിൽ മുങ്ങി മരിച്ചു. ഏലൂർ കണപ്പിള്ളി കരിപ്പൂർ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ എബിൻ സെബാസ്റ്റ്യനെയാണ് (15)പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ ശ്രുതി നൽകിയ പരാതിയിൽ ഏലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി മുങ്ങി മരിച്ചതായി സുഹൃത്തുക്കൾ അറിയിച്ചു.
വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് എബിൻ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയത്. സന്ധ്യ കഴിഞ്ഞിട്ടും കുട്ടി മടങ്ങി വരാതായതോടെ അമ്മ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കൂട്ടുകാരായ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആഴം കൂടിയ ഭാഗത്ത് എബിൻ അകപ്പെട്ടതും രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വിവരം പുറത്ത് പറയേണ്ടെന്ന് തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥിയാണ്. എയ്ഞ്ചൽ സഹോദരിയാണ്.