കൊച്ചി: വടുതല ബണ്ട് പ്രദേശത്ത് അടിഞ്ഞ എക്കലും ചെളിയും സംബന്ധിച്ച പ്രശ്‌നത്തിന് താത്കാലിക പരിഹാരം നിർദേശിച്ച് ജലസേചന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ അനങ്ങാപ്പാറ നയം തുടർന്ന് ജില്ലാ ഭരണകൂടം. ഫെബ്രുവരി ആദ്യാവാരം സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെ തീരുമാനമായില്ല.
ബണ്ട് പ്രദേശത്തെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ 18 തൂണുകൾക്കിടയിൽ അടിഞ്ഞ 25ലക്ഷം ഘനയടി എക്കലും ചെളിയുമാണ് വെള്ളപ്പൊക്ക ഭീഷണിയുയർത്തി നിൽക്കുന്നത്. ബണ്ട് മൂലം മഴക്കാലത്ത് 50 കിലേമീറ്റർ നീളത്തിൽ വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന് ആദ്യ റിപ്പോർട്ടിൽ പറയുന്നു. ഇതിനു ശേഷമാണ് താത്കാലിക പരിഹാര നിർദേശം ജലസേചന വകുപ്പ് മുന്നോട്ട് വച്ചത്.
10കോടി രൂപ ചെലവിൽ രണ്ടോ മന്നോ തൂണുകൾക്കിടയിലെ എക്കലും ചെളിയും നീക്കം ചെയ്താൽ വെള്ളപ്പൊക്ക സാദ്ധ്യതയിൽ കുറവ് വരുമെന്ന് എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള പ്രോജക്ട് റിപ്പോർട്ടിലുണ്ട്. നീക്കം ചെയ്ത മണൽ പൊതു ലേലം നടത്തി കിട്ടുന്ന വരുമാനത്തിൽ നിന്ന് ചെലവ് ഈടാക്കാമെന്നും നിർദ്ദേശമുണ്ട്. ജില്ലാ ദുന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഇക്കാര്യത്തിൽ നടപടിയെടുക്കണം.
മേഖലയിൽ
വെള്ളക്കെട്ട് രൂക്ഷം
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വടുതല ബണ്ട് പ്രദേശത്തും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പച്ചാളം, കളമശേരി, ചങ്ങാടംപൊക്ക് തോട്, കുറുങ്കോട്ട ദ്വീപ്, വടുതല, കിഴക്കൻ വടുതല, ഡോൺബോസ്‌കോ, താന്തോന്നിത്തുരുത്ത്, പൈനടിദ്വീപ് പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. കളക്ടർ ജാഫർ മാലിക് യോഗം വിളിച്ചെങ്കിലും അതിലും ബണ്ട് പ്രശ്‌നം ചർച്ചയായില്ല.
പോർട്ടിന്
ഒഴിയാനാവില്ലെന്ന് സ്വാസ്
ബണ്ട് നീക്കാനുള്ള കോടതി നിർദേശത്തേത്തുടർന്ന് സർക്കാർ ഇതിന് കൊച്ചിൻ പോർട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അതിനുള്ള സാങ്കേതിക സംവിധാനങ്ങളില്ലെന്നു പറഞ്ഞാണ് പോർട്ട് ഇതിൽ നിന്നൊഴിഞ്ഞത്. കേന്ദ്രസർക്കാരിന്റെ 2021ലെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, കൊച്ചി തുറമുഖം ഡ്രെഡ്ജിംഗിനായി 10 വർഷത്തെ പദ്ധതി തയ്യാറാക്കി ലാഭകരമായ വസ്തുക്കൾ പുനരുപയോഗം ചെയ്യണം. അതിനാൽ വടുതല ബണ്ട് ഡ്രഡ്ജിംഗിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വിഷയത്തിൽ സജീവ ഇടപെടൽ നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
പേരണ്ടൂർ
മാതൃക വേണം
പേരണ്ടൂർ കനാലിലെ ചെളി സിയാലിൽ നിന്ന് വാടകയ്‌ക്കെടുത്ത 'സിൽറ്റ് മൂവർ' യന്ത്രം ഉപയോഗിച്ച് നീക്കിത്തുടങ്ങിയതോടെ ഈ മാതൃക ബണ്ട് പ്രശ്‌നത്തിലും സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മഴയത്തും പ്രവർത്തിപ്പിക്കാവുന്ന യന്ത്രം ഇറിഗേഷൻ വിഭാഗം സിയാലിൽ നിന്ന് നാലു മാസത്തേക്കാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്.