വൈപ്പിൻ: മയക്കുമരുന്ന് വിമുക്ത മുനമ്പം എന്ന ആശയം മുൻനിർത്തി മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസും നാട്ടുകാരും സംഘടനകളും ഒരുമിക്കുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിന് കരുത്ത് പകരുന്നതിനാണ് കൂട്ടായ്മ. ഇതിന്റെ ഭാഗമായി ഇന്ന് വിളംബര ജാഥ നടത്തും. മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലു കേന്ദ്രങ്ങളിൽ ചെണ്ട കൊട്ടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും. രാവിലെ 6.45 ന് പള്ളത്താംകുളങ്ങരയിൽ നിന്നാണ് വിളംബര ജാഥ ആരംഭിക്കുന്നത്. എട്ടു മണിക്ക് ദേവസ്വം നടയിൽ അവസാനിക്കും. എറണാകുളം റൂറൽ ജില്ലാ പൊലീസ് അഡീഷണൽ എസ്.പി കെ.ലാൽജി ജാഥ ഫ്‌ളാഗ് ഓഫ് ചെയ്യും. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബിൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മുനമ്പം ഡി.വൈ.എസ്.പി ആർ.രാജേഷ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.