
ആലുവ: വില്പനയ്ക്കായി കൊണ്ടുപോയ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചാലയ്ക്കൽ കുന്നംപിള്ളിൽ വീട്ടിൽ സിദ്ദിഖ് (38) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 10 ഗ്രാം ഹാഷിഷ് ഓയിലും നൈട്രോസിപാം ഗുളികകളും പിടികൂടി.
26ന് രാത്രി പത്തരയോടെ ആലുവ ഗവ. ആശുപത്രിക്ക് സമീപം സിദ്ദിഖ് സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രവാസിയായിരുന്ന ഇയാൾ ചാലക്കൽ തേപ്പുകട നടത്തുകയാണ്. ഇവിടെ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, നിറയ്ക്കാൻ ഉപയോഗിക്കുന്ന ചെറിയ കുപ്പികൾ എന്നിവ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ. അനിൽ കുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, ജോയി മത്തായി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.