മൂവാറ്റുപുഴ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ പഠനോപകരണങ്ങളുടെ അമിത വില രക്ഷകർത്താക്കളുടെ പോക്കറ്റ് കാലിയാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാരന് പഠനോപകരണങ്ങൾക്കായുള്ള ചെലവും അമിതഭാരമാകുകയാണ്.
. നോട്ട് ബുക്ക് മുതൽ പേന വരെയുള്ള പഠനോപകരണങ്ങൾക്ക് കനത്ത വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. നോട്ട് ബുക്കിന് 5 മുതൽ 7 രൂപ വരെയാണ് വിപണിയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. പേനക്ക് 2 മുതൽ 3 രൂപ വരെയും കൂടി. ഇൻസ്ട്രുമെന്റ്ബോക്സിന് 10 രൂപയുടെ വർദ്ധനവുണ്ട്. ബാഗിനും കുടകൾക്കുമെല്ലാം ഇരുപത്തിയഞ്ച് ശതമാനത്തിലേറെയാണ് വില വർദ്ധന. ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ ചെറുകിട കമ്പനികളുടെ പഠനോപകരണങ്ങൾക്കും വില വർദ്ധനവുണ്ട്. ഇറക്കുമതിനിയന്ത്രണത്തെ തുടർന്നുണ്ടായ പേപ്പർ ക്ഷാമമാണ് ബുക്കുകളുടെ വിലവർദ്ധനവിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. സ്കൂൾ യൂണിഫോമിന്റെ വിലയിലും ഉയർന്നിട്ടുണ്ട്. തയ്യൽ കൂലിയിലും വർദ്ധനവുണ്ടായി. ഷർട്ട് 300, പാന്റ് 400, ചരിദാർ 400 എന്നിങ്ങനെയാണ് ഇത്തവണത്തെ തയ്യൽകൂലി. കഴിഞ്ഞ രണ്ടുവർഷം വിദ്യാർത്ഥികൾ വീട്ടിലിരുന്നതിനാൽ പഴയ യൂണിഫോo ഉപയോഗ ശൂന്യമായിട്ടുണ്ട്. പുതിയ യൂണിഫോം ഒഴിവാക്കാനാവാത്തും സാധാരണക്കാരായ രക്ഷകർത്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു. കൊവിഡ് മഹാമാരിക്ക് ശേഷംപൂർണ തോതിൽ സ്കൂൾ തുറക്കുന്ന ഈ വർഷം വിലവർദ്ധന ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കൾ. എന്നാൽ വിപണിയിലെ ഇപ്പോഴത്തെ വിലനിലവാരം ആ പ്രതീക്ഷകളെ തകിടംമറിക്കുന്നതാണ്.