പെരുമ്പാവൂർ: പെരുമ്പാവൂർ ബൈപ്പാസ് ഒന്നാംഘട്ട വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. 60 ഭൂവുടമകൾക്കായി 15 കോടി രൂപ വിതരണം ചെയ്തു. ഏറ്റെടുത്ത ഭൂമി ആർ.ബി.ഡി.സിക്ക് കൈമാറിയിട്ടുണ്ട്. പദ്ധതി ഉടൻ ടെൻഡർ ചെയ്യാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിക്കെതിരെ രണ്ട് പേർ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 90 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞതിനാൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാകും. 2016 ലെ സംസ്ഥാന ബഡ്ജറ്റിലാണ് നാല് കിലോമീറ്റർ ദൈർഘ്യമുള്ള പെരുമ്പാവൂർ ബൈപ്പാസിന് അംഗീകാരം നൽകിയത്. റെക്കാഡ് വേഗത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചു.

രണ്ട് ഘട്ടങ്ങളായാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. പച്ചക്കറിച്ചന്തയുമായി ബന്ധപ്പെട്ട സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന നിർദേശം ഉള്ളതിനാൽ കാലതാമസം ഒഴിവാക്കാനാണ് ബൈപ്പാസ് നിർമ്മാണം രണ്ട് ഘട്ടങ്ങളാക്കിയത്. ആദ്യഘട്ടത്തിൽ ഒന്നര കിലോമീറ്റർ ആണ് ദൂരം. മരുത് കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയുള്ള മേഖലയിലാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്നത്.

രണ്ടാംഘട്ടത്തിനുള്ള ഭൂമിയേറ്റെടുക്കലിന് പ്രാരംഭ നടപടികളായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അനുമതി ലഭ്യമായിരുന്നു. സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനുണ്ട്.

ഭൂമി വില ഇങ്ങനെ

(ഭൂവുടമകൾ നാല് വിഭാഗം)

ഒന്നാം ഗ്രൂപ്പ്: ആർ ഒന്നിന് (2.471 സെന്റ്)​ 29 ലക്ഷം രൂപയും രണ്ടര ശതമാനം പലിശയും

രണ്ടാം ഗ്രൂപ്പ്: ആർ ഒന്നിന് 13 ലക്ഷം രൂപയും പലിശയും

മൂന്നാം ഗ്രൂപ്പ്: ആർ ഒന്നിന് 1 ലക്ഷം രൂപയും പലിശയും

നാലാം ഗ്രൂപ്പ്: ആർ ഒന്നിന് 24000 രൂപയും പലിശയും